അമ്മപ്പാട്ടിന്റെ ഈണവും രാഗവും മലയാളി കേട്ടുതുടങ്ങിയത് പി. സുശീലാമ്മയുടെ ശബ്ദത്തിലൂടെയാണ്. സംഗീത ലോകത്തിന് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട സുശീലാമ്മയുടെ പിറന്നാള്‍ ദിനമാണിന്ന്. 1935 ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സുശീല ജനിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, തുടങ്ങി നിരവധി ഭാഷകളിലായി നാല്‍പതിനായിരത്തിലധികം ഗാനങ്ങളാലപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഭാഷകളില്‍ പാടിയ ഗായികയെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും സുശില നേടിയിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഫെമിനിസത്തെ നിര്‍വചിച്ച ഗായിക എന്ന നിലയിലാണ് സുശീല പ്രശംസിക്കപ്പെടുന്നത്. സംഗീത കുടുംബത്തില്‍ ജനിച്ച സുശീല വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തില്‍ വലിയ പ്രാവീണ്യം നേടിയിരുന്നു. ഏതു ഭാഷയും അനായാസം വഴങ്ങുമെന്ന് തെളിയിച്ച ഗായികകൂടിയാണ് സുശീല.1960ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെ ഗാനാലാപനരംഗത്തേക്ക് ചുവടുറപ്പിച്ചു.പിന്നീട് തെലുങ്ക് ഭാഷയില്‍ പിന്നണിഗായകിയായി തുടക്കം കുറിച്ചു. റഹ്‌മാന്‍ രചിച്ച പുതിയ മുഖമെന്ന ചിത്രത്തിലെ 'കണ്ണുക്കു മൈ അഴകു' എന്ന ഗാനം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. 1986 മുതല്‍ 2005 വരെ നിരവധി ഭക്തിഗാനങ്ങളും നാടോടി ഗാനങ്ങള്‍ ആലപിക്കുകയും 1990 മുതല്‍ 2005 വരെ നിരവധി ലൈവ് ഷോകളില്‍ പങ്കെടുക്കുകയും ചെയ്തു.
'സീത എന്ന ചിത്രത്തിലെ 'പാട്ടുപാടിയുറക്കാം ഞാന്‍' എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി ആലപിച്ചത്. മലയാളത്തില്‍ മാത്രമായി ആയിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മലയാളത്തില്‍ യേശുദാസിനൊപ്പമാണ് ഏറ്റവുമധികം യുഗ്മഗാനങ്ങള്‍ പാടിയിട്ടുള്ളത്. ദേവരാജന്‍ മാസ്റ്റര്‍ ആണ് സുശീലയുടെ സ്വരം ഏറ്റവും കൂടുതല്‍ തവണ ഉപയോഗപ്പെടുത്തിയത്. പൂന്തേനരുവീ., പൂവുകള്‍ക്കു പുണ്യകാലം എന്നീ ഗാനങ്ങള്‍ക്ക് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടികൊടുത്തു. 2008ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി സുശീലയെ ആദരിച്ചു.