സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് ടർബോയുടെ ട്രെയിലർ. വമ്പൻ ആക്ഷൻ രംഗങ്ങളും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കുംകൊണ്ട് ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ട്രെയിലർ. ഭ്രമയുഗത്തിന് ശേഷം ക്രിസ്റ്റോ സേവ്യർ സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കിയ ചിത്രമാണ് ടർബോ. മാസ് രംഗങ്ങൾക്കൊപ്പം ട്രെയിലർ കൂടുതൽ പ്രേക്ഷകശ്രദ്ധയാകർഷിക്കാൻ കാരണമായ മറ്റൊരു ഘടകമാണ് ഇതിന്റെ അവസാനഭാഗത്തെ രംഗത്തിൽ വരുന്ന ഒരു ഗാനം. ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട യുവതാരം അർജുൻ അശോകനാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ'. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.