എമ്പുരാൻ സിനിമക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് എൻഐഎക്ക് പരാതി നൽകി മുൻ നാവിക ഉദ്യോഗസ്ഥൻ. ചിത്രത്തിൽ എൻഐഎയെ അപകീർത്തിപ്പെടുത്തുന്നുവെന്നും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവെന്നും എമ്പുരാനെതിരായ പരാതിയിൽ പറയുന്നു. ബിഎൻഎസ് 353, 148, 196, 353 എന്നീ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് മുൻ നാവികനായ ശരത് ഇടത്തിൽ എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്.ചിത്രം ദേശീയ അന്വേഷണ ഏജൻസിയുടെ ഓഫീസിനെ വ്യക്തമായി അപകീർത്തിപ്പെടുത്തുകയും രാജ്യത്തിന്റെ സുരക്ഷ, സാമൂഹിക ഐക്യം, പൊതു ക്രമം എന്നിവയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നുവെന്നും ശരത് ഇടത്തിലിൻ്റെ പരാതിയിൽ പറയുന്നു. ചിത്രം ഭീകരതയെയും ദേശീയ സുരക്ഷയിൽ ഉൾപ്പെട്ട രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള പദ്ധതിയെയും അപകടകരമാംവിധം മഹത്വവൽക്കരിക്കുന്നുവെന്നും ശരത് ഇടത്തിൽ എൻഐഎക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
അതേസമയം, എമ്പുരാനെതിരെയുള്ള വിമർശനം തുടരുകയാണ് ആർഎസ്എസ് മുഖവാരിക ഓർഗനൈസർ. പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെയാണ് ആർഎസ്എസ് മുഖവാരിക ഓർഗനൈസറിൻ്റെ പുതിയ ലേഖനം പുറത്തുവിട്ടിരിക്കുന്നത്. വെട്ടി ചുരുക്കിയിട്ടും സിനിമ അടിസ്ഥാനപരമായി ദേശവിരുദ്ധമാണ് എന്നാണ് ഓർഗനൈസർ ഉന്നയിക്കുന്നത്. ഇസ്ലാമിക ഭീകരരെ അനുകമ്പയുള്ള വ്യക്തികളായി ഇപ്പോഴും സിനിമ ചിത്രീകരിക്കുന്നു. ചിത്രത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.