മാർച്ച് 27 ന് റിലീസ് ആയ എമ്പുരാൻ വിമർശനങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് മുന്നേറുകയാണ്. ഇപ്പോഴിതാ ആഗോളതലത്തിൽ 250 കോടി നേടിയിരിക്കുകയാണ് ചിത്രം. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് പോസ്റ്റർ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം 250 കോടി ആഗോള കളക്ഷൻ നേടുന്നതെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നിർമാതാവ് ആന്റണി പെരുമ്പാവൂർ കുറിച്ചത്. മോഹൻലാലും പൃഥ്വിരാജുമടക്കം ചിത്രത്തിലെ എല്ലാ താരങ്ങളുടേയും ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആഭ്യന്തര കളക്ഷൻ 100 കോടിയിലേക്കടുക്കുകയാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പത്ത് ദിവസം കൊണ്ട് 8.3 കോടി ഗ്രോസ് കളക്ഷൻ ആണ് സിനിമ നോർത്ത് ഇന്ത്യയിൽ നിന്നും നേടിയത്. ഇതോടെ നോർത്തിലെ എക്കാലത്തെയും ഉയർന്ന മലയാളം ഗ്രോസർ ആയി എമ്പുരാൻ മാറി. ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയെ ആണ് എമ്പുരാൻ പിന്നിലാക്കിയത്.