ഒമാനില്‍ ആദ്യമായി ചിത്രീകരിച്ച മലയാള ചിത്രം രാസ്ത ഇന്ന് മുതല്‍ തിയറ്ററുകളില്‍. റൂബ് അല്‍ ഖാലി മരുഭൂമിയില്‍ നടന്ന സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ ഇരുപത് ഇരട്ടിയോളം വലിപ്പമുള്ളതാണ് റുബല്‍ ഖാലി മരുഭൂമി. 2011ല്‍ റുബല്‍ ഖാലി മരുഭൂമിയില്‍ ഉണ്ടായ ഒരു സംഭവ കഥയെ ആസ്പദമാക്കി സംവിധായകന്‍ അനീഷ് അന്‍വറാണ് രാസ്ത് ഒരുക്കിയിരിക്കുന്നത്.അമ്മയെ തേടി ഗള്‍ഫിലേക്ക് പോകുന്ന ഒരു പെണ്‍കുട്ടിയുടെ സാഹസികമായ നിമിഷങ്ങളില്‍ കൂടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
ഒമാനില്‍ ആദ്യമായി ചിത്രീകരിച്ച മലയാള ചിത്രത്തിന് റിലീസിന് മുന്‍പ് തന്നെ വന്‍ വരവേല്‍പ്പ് ആണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഒമാനില്‍ നിന്നുള്ള നിരവധി കലാകാരന്മാരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അലു എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിച്ച രാസ്തയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അവിന്‍ മോഹന്‍ സിതാരയാണ് രാസ്തയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് ജോസഫ്, സൂരജ് സന്തോഷ്, അവിന്‍ മോഹന്‍ സിതാര എന്നിവര്‍ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയില്‍ ഉള്ളത്.