ജയറാം നായകനാകുന്ന മിഥുന്‍ മാനുവല്‍ തോമസ് ചിത്രം എബ്രഹാം ഓസ്ലറിന് മികച്ച പ്രതികരണം.ആദ്യ ദിനത്തില്‍ എല്ലാ ഷോകളും ഹൗസ് ഫുള്‍ ആയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അബ്രഹാം ഓസ്ലര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ജയറാമാണ് ചിത്രത്തിലെത്തുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ മിഥുന്‍ മാനുവലിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് എബ്രഹാം ഓസ്ലര്‍. ഇതുവരെ മലയാളി പ്രേഷകര്‍ കാണാത്ത ജയറാമിനെയാണ് ഓസ്ലറില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക.ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട ഓസ്ലറിനു മുന്നില്‍ ഒരു സീരിയല്‍ കില്ലര്‍ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.ജയറാമിന്റെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് എബ്രഹാം ഓസ്ലറിന്റെ പ്രധാന ആകര്‍ഷകങ്ങളില്‍ ഒന്ന് എന്ന് നിസ്സംശയം പറയാം.
ചിത്രത്തിലെ മമ്മൂട്ടിയുടെ സര്‍പ്രൈസ് ഇന്‍ട്രൊ കാണികളെ ആവേശ കൊടുമുടിയിലെത്തിക്കുന്നു.ഒരിടവേളയ്ക്ക് ശേഷം നായക കഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍ പ്രശംസനീയമായ പ്രകടനമാണ് ജയറാം കാഴ്ചവെച്ചതെന്ന് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നു. വലിയ ബില്‍ഡ് അപ്പൊന്നുമില്ലാതെ നേരിട്ട് കഥയിലേക്ക് കടക്കുന്ന രീതിയാണ് 'എബ്രഹാം ഓസ്ലറില്‍ സംവിധായകന് തിരഞ്ഞെടുത്തിരിക്കുന്നത.് സാങ്കേതികതക്കപ്പുറം പ്രധാന പ്ലോട്ടിലേക്ക് സിനിമ സഞ്ചരിക്കുന്നു. നായകന്റെ ബ്രില്ല്യന്‍സ് അടക്കം ഇത്തരം സിനിമകള്‍ക്ക് പലപ്പോഴും ഉണ്ടാവാറുള്ള ആമുഖമൊന്നും എബ്രഹാം ഓസ്ലറിനില്ല. വളരെ പെട്ടന്ന് കഥയിലേക്ക് എത്തുകയും ആ കഥയുടെ മുന്നോട്ട് പോക്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ചിത്രം മുന്നോട്ട് പോകുകയും ചെയ്യുന്നു.
എബ്രഹാം ഓസ്ലറുടെ തിരക്കഥ ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണന്റേതാണ്. ഒരു മെഡിക്കല്‍ ത്രില്ലര്‍ ആയത് കൊണ്ടാവും കൃത്യമായി ഒരു ഡോക്ടറുടെ സാന്നിധ്യം എഴുത്തിലും സംഭവങ്ങളിലും പ്രകടമാണ്. വളരെ ആഴത്തിലുള്ള മെഡിക്കല്‍ പ്രോസീജിയറുകള്‍ സിനിമയിലുണ്ട്. കഥാഗതിയുടെ മുന്നോട്ടുള്ള പോക്കില്‍ മെഡിക്കല്‍ ടേമുകള്‍ക്കും അതി സാങ്കേതികതകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. പലപ്പോഴും സിനിമയുടെ മുന്നോട്ടുള്ള പോക്കിന് അത് അനിവാര്യവുമാണ്. ഒരു തുടര്‍ച്ചയ്ക്കുള്ള സാധ്യത തുറന്നിട്ടു കൊണ്ടാണ് എബ്രഹാം ഓസ്ലര്‍ അവസാനിക്കുന്നത്.
വളരെയധികം ആകാംക്ഷകള്‍ ഒരു രംഗവും ബാക്കി വെക്കുന്നില്ല. കുറ്റവാളിയെ കണ്ട് പിടിക്കുക എന്ന ദൗത്യവും പെട്ടന്നാവസാനിക്കുന്നുണ്ട്. പിന്നെ അവസാനിക്കും വരെ വൈകാരികമായി നീതിയും ന്യായവും ഒക്കെ അന്വേഷിക്കപ്പെടുന്നുണ്ട്. അത്തരം മനഃശാസ്ത്രപരമായ കാര്യ കാരണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും സ്ലോ പേസ് ത്രില്ലര്‍ സിനിമകള്‍ കാണുന്നവര്‍ക്കു പറ്റിയ സിനിമയാണ് എബ്രഹാം ഓസ്ലര്‍.