ഹിന്ദു സമൂഹത്തിന്റെ മത വികാരത്തെ വ്രണപ്പെടുത്തിയെന്ന വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അന്നപൂരണി നെറ്റ്ഫ്ലിക്സില്‍ നിന്നും പിന്‍വലിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സീ എന്റര്‍ടെയ്ന്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ചിത്രം നീക്കം ചെയ്തത്.ബ്രാഹ്‌മണരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് തെന്നിന്ത്യന്‍ താരം നയന്‍താരയുടെ ചിത്രം 'അന്നപൂരണി ദ ഗോഡസ് ഓഫ് ഫുഡ്' നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും നീക്കം ചെയ്തു.
ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 29 മുതലാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. ചിത്രം 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ലോകം അറിയുന്നൊരു ഷെഫാകാന്‍ ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക ബ്രാഹ്‌മണ കുടുംബത്തില്‍നിന്നുള്ള യുവതി തന്റെ മുസ്ലിം സുഹൃത്തിന്റെ സഹായത്തോടെ തന്റെ ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഇതില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന നയന്‍താര, മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായ രംഗങ്ങളുണ്ട്. ഇതില്‍ ബ്രാഹ്‌മണ കുടുബത്തിലെ യുവതിയായ കേന്ദ്ര കഥാപാത്രമായി എത്തുന്ന നയന്‍താര, മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായ രംഗങ്ങളുണ്ട്. ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നത്. സംഭവം വിവാദമായതോടെ ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ സീ സ്റ്റുഡിയോ ക്ഷമാപണം നടത്തികൊണ്ടുള്ള പ്രസ്താവന പുറത്തിറക്കുകയും വിവാദ രംഗങ്ങള്‍ നീക്കം ചെയ്യ്ത് പുതിയ പതിപ്പ് പുറത്തിറക്കുമെന്നും അറിയിച്ചു.
സിനിമയിലെ നായികയായ നയന്‍താര, നായകന്‍ ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിര്‍മാതാക്കളായ ജതിന്‍ സേത്തി, ആര്‍ രവീന്ദ്രന്‍, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോ ചീഫ് ബിസിനസ് ഓഫീസര്‍ ഷാരിഖ് പട്ടേല്‍, നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യന്‍ മേധാവി മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെ ഹിന്ദു ഐടി സെല്‍ സ്ഥാപകന്‍ രാകേഷ് സോളങ്കി പരാതി നല്‍കിയിരുന്നു.