Share this Article
image
നടി ഷക്കീലയ്ക്ക് ഇന്ന് പിറന്നാള്‍; ആഘോഷിച്ചത് കോഴിക്കോട്
Actress Shakeela's birthday today; Celebrated in Kozhikode

അഭിനേത്രിയും സാമൂഹ്യപ്രവർത്തകയുമായ ഷക്കീലയ്ക്ക് ഇന്ന് പിറന്നാൾ. പിറന്നാൾ ദിന തലേന്ന് കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തിലെത്തിയ ഷക്കീല തന്റെ സിനിമയിലെയും ജീവിതത്തിലെയും അതിജീവനത്തിന്റെ അനുഭവങ്ങൾ പൊതുജനങ്ങളുമായി പങ്കുവെച്ചു. ഷക്കീല എന്ന പേര് ബ്രാൻഡാക്കി മാറ്റിയത് മലയാളികളാണെന്നും അതിന് എക്കാലവും കടപ്പാടുണ്ടെന്നും ഷക്കീല പറഞ്ഞു.

സാഹിത്യകുലപതിയും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവൻ നായർ മുതൽ സാഹിത്യരംഗത്തെ പുതുതലമുറയിലുള്ള എഴുത്തുകാർ വരെ സ്വദേശികളും വിദേശികളുമായ സാംസ്കാരിക നായകർ സംവദിക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ വേദിയിൽ ഷക്കീല സദസ്സിനോട് താൻ കടന്നുവന്ന ജീവിത വഴികളെക്കുറിച്ച് സംവദിച്ചു. കിന്നാരത്തുമ്പികൾ പോലുള്ള ബി -ഗ്രേഡ് സിനിമകളിൽ അഭിനയിക്കാൻ വിധിക്കപ്പെട്ട പഴയ ഷക്കീലയിൽ നിന്നും ട്രാൻസ്ജെൻഡർമാരുടെ ഉന്നമനത്തിനായി പൊരുതുന്ന പുതിയ സാമൂഹ്യപ്രവർത്തികയായ ഷക്കീലയിലേക്കുള്ള അതിജീവനത്തിന്റെ വഴികൾ താണ്ടിയാണ് അവർ കെഎൽഎഫിന്റെ വേദിയിലേക്ക് നടന്നു കയറിയത്. ഇന്ന് 47 ആം പിറന്നാളിന്റെ നിറവിൽ നിൽക്കുമ്പോൾ തനിക്ക് സമ്പാദ്യമായി വീടും ബംഗ്ലാവും വേണ്ടെന്ന് ഷക്കീല തുറന്നുപറയുന്നു. ട്രാൻസ്ജെൻഡേഴ്സിന് താൻ സ്നേഹം മാത്രമാണു നൽകിയത്. അവർ ഇരട്ടി സ്നേഹം തിരിച്ചു നൽകി. സമൂഹം കൂടി അവരെ ഉൾക്കൊള്ളണമെന്നും ഷക്കീല പറയുന്നു.

സദാചാരം എന്നാൽ എന്താണെന്ന് സദസ്സിനോട്ചോദ്യം ഉന്നയിച്ച് സമൂഹത്തിന്റെ കപടമായ പൊതുബോധത്തെ തച്ചുടയ്ക്കാനും സാമൂഹ്യപ്രവർത്തകയായ ഷക്കീലയ്ക്ക് സാധിച്ചു. താൻ കടന്നുവന്ന വഴികളെ കുറിച്ച് പറയുമ്പോൾ ഉള്ള വേദന ഉള്ളിൽ ഒതുക്കി കരുത്തുറ്റ സ്ത്രീത്വത്തിന്റെ പ്രതീകമായി അവർ സദസ്സിനോട് പുഞ്ചിരിച്ചു.

പഴയ ബി- ഗ്രേഡ് സിനിമകളുടെ കഥാപാത്രമായി കണ്ട് തന്നെ അളക്കുന്ന കപട സദാചാരവാദികളുടെ ചിന്തകളെക്കുറിച്ച് മാത്രമാണ് ഷക്കീലയ്ക്ക് ഇപ്പോഴും വേദനയുള്ളത്. മികച്ച സിനിമകളിൽ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നുള്ളതാണ് അവർ ആഗ്രഹിക്കുന്നത്. സംസാരത്തിലൂടെ സദസ്സിന്റെ മുഴുവൻ ആദരം പിടിച്ചുപറ്റിയാണ് കോഴിക്കോടിൻറെ സാഹിത്യ വേദിയിൽ നിന്നും ഷക്കീല പടിയിറങ്ങിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories