ഹാസ്യചക്രവര്‍ത്തി ചാര്‍ളി ചാപ്ലിന്റെ 'ദി കിഡ്' ഇറങ്ങിയിട്ട് ഇന്ന് നൂറ്റിമൂന്ന് വര്‍ഷം തികയുന്നു. നിശബ്ദ ഹ്രസ്വചിത്രങ്ങളിലൂടെ പ്രിയങ്കരനായ ചാപ്ലിന്‍ സംവിധാനം ചെയ്യുന്ന ആദ്യ മുഴുനീള ചിത്രം കൂടിയാണ് 'ദി കിഡ്'.
ഒരു യുവതി, കല്ല്യാണത്തിന് മുന്‍പ് തനിക്കുണ്ടായ കുഞ്ഞിനെ ഒരു എഴുത്തോട്കൂടി ഒരു കാറില്‍ ഉപേക്ഷിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്.ശേഷം ഈ കുഞ്ഞ് കഥാനായകനായ ട്രംപ് അഥവാ ചാപ്ലിന്റെ കൈകളിലേക്കെത്തുന്നു. ഉപേക്ഷിക്കാനുള്ള ശ്രമം ചാപ്ലിനും നടത്തുന്നുണ്ടെങ്കിലും അയാളുടെ ഉള്ളിലെ മനുഷ്യത്തം അതിനനുവദിക്കുന്നില്ലാ. ആ കുഞ്ഞിന് അയാള്‍ ജോണ്‍ എന്ന് പേരിടുന്നു.
പിന്നീടുള്ള ട്രംപിന്റെ ജീവിതയാത്രയില്‍ ആ കുഞ്ഞിന്റെ പങ്ക് വലുതാണ്. സിനിമയുടെ അവസാനത്തോടടുക്കുമ്പോള്‍ ജോണിനെ തേടി അലടുന്ന ട്രംപിനെ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കും കണ്ണുനിറയുന്നു. രക്തബന്ധത്തേക്കാള്‍ വലുതാണ് ഹൃദയബന്ധം എന്ന് പറയാതെ പറഞ്ഞ ചാപ്ലിന്‍ മാന്ത്രികത ഇവിടെ വ്യക്തമാകുന്നു.
3 റീല്‍ ചിത്രങ്ങള്‍ നിര്‍മിച്ചുകൊണ്ടിരുന്ന ചാപ്ലിന് ഈ ചിത്രത്തിന്റെ നിര്‍മാണം അദ്ദേഹത്തെ സാമ്പത്തികമായി ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എങ്കിലും ചിത്രം ചാപ്ലിന്റെ സിനിമാജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ഉള്ളില്‍ കരഞ്ഞുകൊണ്ട് ലോകത്തെ ചിരിപ്പിച്ച ആ അതുല്ല്യപ്രതിഭയെ ഓര്‍ക്കാന്‍ ഇതൊന്ന് മാത്രമല്ലാ ഉള്ളത്, എന്നാലും ഈ ചിത്രത്തിന് ഒരു പ്രത്യേകമധുരമുണ്ട്, സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അതിമധുരം.