കൊടൈക്കനാല്‍ സന്ദര്‍ശിക്കുന്നവരെല്ലാം കാണാന്‍ കൊതിക്കുന്ന ഒരു ഇടമാണ് ഗുണ കേവ്. ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ വീണ്ടും ചര്‍ച്ചയാവുകയാണ് സാത്താന്റെ അടുക്കളയെന്ന് അറിയപ്പെടുന്ന ഗുണ കേവ്.
യാഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു കൂട്ടം യുവാക്കള്‍ ഗുണ കേവ് കാണാന്‍ പോകുന്നതും കൂട്ടത്തിലെ ഒരു യുവാവ് ഗുഹയില്‍ കുടുങ്ങിപ്പോകുന്നതും പിന്നീട് നടക്കുന്ന രക്ഷാപ്രവര്‍ത്തനവുമൊക്കെ പറയുന്ന ഒരു സര്‍വൈവര്‍ ത്രില്ലറാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
കമല്‍ഹാസന്‍ പ്രധാന കഥാപാത്രമായി എത്തിയ ഗുണ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയതോടെയാണ് ഗുണ കേവ് വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയത്. സിനിമയില്‍ കാണുന്നത് പോലെ മനോഹരമാണ് സ്ഥലമെങ്കിലും അപകട മരണങ്ങളുടെ പേരില്‍ പ്രസിദ്ധമാണ് ഗുണ കേവ് അഥവാ ഡെവിള്‍സ് കിച്ചണ്‍. കൊടൈക്കനാലില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഗുണ കേവ്.
1821ല്‍ ബ്രിട്ടീഷ് ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന ബി എസ് വാര്‍ഡ് ആയിരുന്നു ഡെവിള്‍സ് കിച്ചന്‍ എന്ന ഈ ഗുഹ കണ്ടെത്തിയത്. പില്ലര്‍ റോക്ക്സ് എന്നറിയപ്പെടുന്ന മൂന്ന് ഭീമാകാരമായ പാറകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗുഹകളുടെ ഒരു കൂട്ടമാണ് ഡെവിള്‍സ് കിച്ചന്‍. ഷോള മരങ്ങളും പുല്ലും നിറഞ്ഞ പ്രദേശത്താണ് ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.
വവ്വാലുകള്‍ സ്ഥിര താമസമാക്കിയ ഇവിടുത്തെ ഏറ്റവും അഗാധമായ ഭാഗത്തേക്ക് വീണ് പതിമൂന്നോളം പേര്‍ മരണപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. ഈ ആഴമേറിയ ഭാഗമാണ് ഡെവിള്‍സ് കിച്ചന്‍ അഥവാ പിശാചിന്റെ അടുക്കള എന്നറിയപ്പെടുന്നത്.