വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഗിരീഷ് എ ഡിയുടെ 'പ്രേമലു' സിനിമയുടെ ഒടിടി അവകാശം വിറ്റുപോയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍. നിലവില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോമുമായും സംസാരിച്ചിട്ടില്ലെന്നും തിയേറ്ററുകളിലെ പ്രദര്‍ശനം പൂര്‍ത്തിയായതിന് ശേഷമെ അത്തരം ധാരണകളിലേയ്ക്ക് കടക്കുവെന്നും നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് വ്യക്തമാക്കി.
മലയാളത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും മാര്‍ച്ച് എട്ടിന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. എസ്.എസ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയുടെ വിതരണ കമ്പനിയായ ഷോയിങ്ങ് ബിസ്‌നസാണ് തെലുങ്കില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.
തെലുങ്ക് പതിപ്പിന്റെ ഒടിടി വിതരണാവകാശവും അദ്ദേഹം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഗംഭീര പ്രതികരണമാണ് തമിഴ് നാട്ടിലും ചിത്രത്തിന് ലഭിക്കുന്നത്. ആഗോള കലക്ഷനായി 70 കോടി നേടിയ ചിത്രം നൂറു കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്.
വിഷുവിന് റിലീസാകുന്ന രീതിയിലാണ് ഒടിടി റിലീസ് അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. നസ്ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനറാണ്.
ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.