Share this Article
'പാരഡൈസ്'ന്റെ ട്രെയിലര്‍ പുറത്ത്; ട്രെയിലര്‍ പ്രകാശനം ചെയ്ത് മണിരത്നം
The trailer of 'Paradise' is out; Mani Ratnam released the trailer

റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ സംവിധായകന്‍ മണിരത്‌നം പ്രകാശനം ചെയ്തു. മദ്രാസ് ടാക്കീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. 

ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.അഞ്ച് നെറ്റ്പാക് പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ മുപ്പതിലധികം രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള  ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനഗെയുടെ പത്താമത്തെ ചിത്രമാണ് പാരഡൈസ്.

റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ശ്രീലങ്കന്‍ സിനിമയിലെ മുന്‍നിര അഭിനേതാക്കളായ ശ്യാം ഫെര്‍ണാണ്ടോയും മഹേന്ദ്ര പെരേരയും  ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാജീവ് രവി ഛായാഗ്രഹണവും, എ. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് കെയാണ്. തപസ് നായക്ക് ആണ് ശബ്ദസന്നിവേശം.

2022ല്‍ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിലകയറ്റവും, ഇന്ധനവും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗര്‍ലഭ്യവും ജനകീയ പ്രക്ഷോഭങ്ങളുമാണ് പാരഡൈസിന് പശ്ചാത്തലമാകുന്നത്. ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് അവാര്‍ഡ് നേടിയ ചിത്രത്തിന് 30മത് വെസൂല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രീ ദു ജൂറി ലീസിയന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

പൂര്‍ണ്ണമായും ശ്രീലങ്കയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും പാരഡൈസിനുണ്ട്. മണിരത്‌നവും മദ്രാസ് ടാക്കീസും ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം കൂടിയാണ് പാരഡൈസ്. സെഞ്ചുറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories