ധ്യാൻ ശ്രീനിവാസൻ്റെ ഓശാന ഒ ടി ടിയിൽ.പ്രധാന വില്ലൻ ആയി അഭിനയിച്ച ഇടുക്കി സ്വദേശി ഇസ്രായേലിലെ യുദ്ധ ഭൂമിയിൽ. പ്രണയവും കലാലയ ജീവിതവും സിനിമയുടെ കാതലായപ്പോൾ ഓ ടി ടി യിൽ കരുത്ത് കാട്ടി ഓശാന.
നവാഗതനായ എൻ വി മനോജ് സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനായ ഓശാന ഓ ടി ടി റിലീസ് ആയപ്പോൾ ചിത്രത്തിൽ പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്ത ഇടുക്കി സ്വദേശി റ്റിൻസ് ജെയിംസ് വിദേശത്ത്. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന കശാപ്പുകാരന്റെ വേഷം ചെയ്ത റ്റിൻസ് ചിത്രം തീയറ്റർ റിലീസ് ചെയ്തപ്പോൾ കാണാനാകാതെ ഇസ്രായേലിൽ ജോലി സ്ഥലത്തായിരുന്നു.
ഷൂട്ടിംഗ് പൂർത്തിയാക്കി ഡബ്ബിങ് കഴിഞ്ഞശേഷമാണ് ഏറെ ഇഷ്ടപ്പെട്ട സിനിമ മേഖലയെ വിട്ട് റ്റിൻസ് വിദേശത്തേക്ക് പോയത്. ഇസ്രായേൽ ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ട സമയത്താണ് സിനിമയുടെ റിലീസിങ്ങിന് കാത്തുനിൽക്കാതെ റ്റിൻസ് ഇസ്രായേലിൽ എത്തിയത്. ഡബ്ബിങ് സമയത്ത് ചിത്രത്തിൻറെ ചില രംഗങ്ങൾ കാണാനായി എങ്കിലും ഓ ടി ടി യിലൂടെ സിനിമ വന്നപ്പോൾ കാണാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നു എന്ന് റ്റിൻസ് പ്രതികരിച്ചു.
നിലവിൽ ടെല്ലവീവിൽ ഫുഡ് ഫാക്ടറിയിൽ ജോലി ചെയ്യുകയാണ് സിനിമയുടെ സംഘട്ടന സംവിധായകൻ കൂടിയായ റ്റിൻസ്. ഇതിനുമുമ്പ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത കുംഫു മാസ്റ്റർ എന്ന സിനിമയിലൂടെയാണ് റ്റിൻസ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അപ്സര, അൻപരശൻ കാതൽ 1985 എന്നീ ചിത്രങ്ങളുടെ സ്വതന്ത്ര സംഘട്ടന സംവിധായകനായി. 25 വർഷമായി ആയോധനകല അഭ്യസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ ഒരു വർഷമായി ഇസ്രായേലിന്റെ സൈനിക ആയോധനകലയായ ക്രാവുമാഗ പരിശീലിക്കുന്നുണ്ട്.
ഒരു വർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തി സിനിമയിലേക്ക് വീണ്ടും എത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ടിൻസ് പറയുന്നു. ഇടുക്കി വാഴത്തോപ്പ് സ്വദേശിയാണ് റ്റിൻസ് ഭാര്യ ജൂലിയ. മക്കൾ ഡേവിഡ്, മോറിറ്റ്, കാർമിയ മകൻ ഡേവിഡ് ഹാർവെയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജരാനരകൾ ബാധിച്ച മനസിനെ പോലും പ്രണയം എങ്ങനെ അതി ജീവിപ്പിക്കും എന്ന് വ്യക്തമാക്കുന്ന വിധത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, ബാലാജി, ബോബൻ സാമുവൽ, വർഷാ വിശ്വനാഥ് അൽത്താഫ് സാബു മോൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ ചിത്രത്തിൻറെ ഭാഗമാണ്. ഇടുക്കി ഹൈദരാബാദ് കോട്ടയം എന്നിവിടങ്ങളിലാണ് ചിത്രം പൂർത്തീകരിച്ചത്. ചിത്രത്തിലെ ഗാനരംഗങ്ങൾ ഇതിനോടകം ജന സ്വീകാര്യത ഏറ്റുവാങ്ങിയിരുന്നു.