എമ്പുരാന്‍ സിനിമ റി എഡിറ്റ് ചെയ്തത് മറ്റാരുടെയും നിര്‍ദേശ പ്രകാരമല്ലന്നും സ്വന്തം ഇഷ്ടപ്രകാരമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇത് കൂട്ടായി എടുത്ത തീരുമാനമാണെന്നും പൃഥ്വിരാജിനെ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍ കയറിയതില്‍ സന്തോഷമുണ്ട് ജനങ്ങള്‍ സിനിമ സ്വീകരിച്ചുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
രണ്ട് മിനിറ്റും ചെറിയ സെക്കന്‍ഡും മാത്രമാണ് സിനിമയില്‍ നിന്നും മാറ്റിയിരിക്കുന്നതെന്നും എമ്പുരാന്‍ മൂലം ഏതെങ്കിലും ആളുകള്‍ക്ക് സങ്കടമുണ്ടായിട്ടുണ്ടെങ്കില്‍ അതിനെ തിരുത്തേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു.
വലിയ പ്രശ്‌നങ്ങളിലേക്കൊന്നും സിനിമ പോയിട്ടില്ലന്നും. ഒരു പ്രത്യേക വിഭാഗത്തിന്റെ ആവശ്യമെന്നും പറയാന്‍ കഴിയില്ലന്നു അദ്ധേഹം പറഞ്ഞു.
സിനിമ ഉണ്ടാകുന്ന സമയത്തു തന്നെ മുന്‍കാലങ്ങളിലും ഇതുപോലുള്ള വിവാദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സിനിമ എല്ലാവരുടെയും കൂട്ടായ തീരുമാനം ആണെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഥ അറിയാമായിരുന്നു. മുരളി ഗോപിയും ഇപ്പോഴത്തെ തീരുമാനത്തോടൊപ്പം ഉണ്ട്.
സിനിമയിലെ മാറ്റങ്ങള്‍ ഒറ്റയ്ക്ക് എടുക്കാന്‍ സാധിക്കുന്നതല്ല. എല്ലാവരുടെയും സമ്മതത്തോടെയാണ് എല്ലാ നടപടികളും. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് ലക്ഷ്യമിട്ടതെന്നും ജനങ്ങള്‍ അത് സ്വീകരിച്ചു എന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ലൂസിഫറിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.