അല്ലു അർജുൻ നായകനായ പുഷ്പ സിനിമയുടെ സംവിധായകൻ സുകുമാറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് (ഐടി) വ്യാഴാഴ്ച റെയ്ഡ് നടത്തി. പുഷ്പയുടെ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്റെ ഓഫീസുകളിലും റെയ്ഡ് നടന്നു. പുഷ്പയ്ക്ക് പുറമെ രംഗസ്ഥലം, ആര്യ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സുകുമാർ.
വിദേശ നിക്ഷേപ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് മൈത്രി മൂവി മേക്കേഴ്‌സിന്റെ ആസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസമാണ് പരിശോധന നടത്തുന്നത്.
ജൂബിലി ഹിൽസിലെ മൈത്രി മൂവി മേക്കേഴ്‌സിന്റെ പ്രൊമോട്ടർമാരായ ചെറുകുറി മോഹൻ, എർനേനി നവീൻ, യലമഞ്ചിലി രവിശങ്കർ എന്നിവരുടെ വസതികളിലും ഐടി ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി.
2022 ഡിസംബറിന് ശേഷം നാല് മാസത്തിനുള്ളിൽ രണ്ട് തവണ വിദേശത്ത് നിന്ന് മാനദണ്ഡങ്ങൾ ലംഘിച്ച് നിക്ഷേപം സ്വീകരിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
മൈത്രി മൂവി മേക്കേഴ്സുമായി ഒരുമിച്ച് പുഷ്പ് 2വിന്റെ ഷൂട്ട് നടന്ന് കൊണ്ടിരിക്കേയാണ് ഐടി റെയ്ഡ് നടന്നത്.
'പുഷ്പ', 'ശ്രീമന്തുഡു', ജനതാ ഗാരേജ്', 'സർക്കാർ വാരി പാട', 'ഡിയർ കോമ്രേഡ്', 'വാൽട്ടയർ വീരയ്യ 'ഉപ്പേന', 'വീര നരസിംഹ റെഡ്ഡി' തുടങ്ങിയ വമ്പൻ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ചിട്ടുള്ള നിർമ്മാണ കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്‌സ്.