മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ കാതല്‍ ഒടിടി റിലീസിന്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഇന്ന് മുതല്‍ ചിത്രം സൗജന്യമായി സ്ട്രീമിങ് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തതില്‍ കേരളത്തിന് അകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് കാതല്‍. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയിരുന്ന ചിത്രം കൂടിയാണിത്. ഒരു സൂപ്പര്‍ താരം ഇത്തരമൊരു കഥാപാത്രത്തിലെത്തിയത് ആയിരുന്നു സിനിമയുടെ പ്രധാന വിജയവും. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതിക ആയിരുന്നു നായിക. റിലീസ് ചെയ്ത് അന്‍പതോളം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കാതല്‍ ഒടിടിയില്‍ എത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
മമ്മൂട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കുടുംബം പ്രമേയമായി വന്നിട്ടുള്ള സിനിമകളില്‍ ധീരമായൊരു ചുവടുവെയ്പ്പായിരുന്നു കാതല്‍. നിരൂപക-പ്രേക്ഷക പ്രശംസ നേടി എന്നത് മാത്രമല്ല, വാണിജ്യപരമായും കാതല്‍ വിജയമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാതലിനെ പ്രശംസിച്ച് ദി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം വലിയ ചര്‍ച്ചയായിരുന്നു. സുധി കോഴിക്കോട്, ആര്‍.എസ് പണിക്കര്‍, മുത്തുമണി, ചിന്നു ചാന്ദിനി തുടങ്ങിയവരാണ് 'കാതലി'ലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.