മലയാളത്തിന്റെ മണിമുഴക്കം നിലച്ചിട്ട് എട്ട് വര്‍ഷം. ആടിയും പാടിയും മലയാളികളുടെ മനസില്‍ ചേക്കേറിയ കലാഭവന്‍ മണി. വിസ്മൃതിയിലേക്കാണ്ടുപോയ നാടന്‍പാട്ടെന്ന കലയെ ജനപ്രിയമാക്കിയ നടന്‍. ഓര്‍ക്കാം ആ മണിമുത്തിനെ.
വര്‍ഷം എട്ട്.. ചാലക്കുടിക്കാരുടെ മണി നാദം നിലച്ചിട്ട്. നാട്ടില്‍ എങ്ങും ഉത്സവകാലമാകുമ്പോഴാണ് മണിയുടെ ഓര്‍മ്മ ദിനം വന്നെത്തുന്നത്. നാട്ടിലും ഉത്സവപറമ്പിലും നാടന്‍പാട്ടിന്റെ ശബ്ദം മുഴങ്ങുമ്പോള്‍ കലാഭവന്‍ മണിയുടെ ഒരു പാട്ട് കേള്‍ക്കാതെ പോകാന്‍ കഴിയില്ല. ഗായകര്‍ മറന്നാലും കാണികള്‍ക്കിടയില്‍ നിന്നും ആ ആവശ്യം ഉയര്‍ന്നു കേള്‍ക്കും .. മണി ചേട്ടന്റെ പാട്ട് വേണം..
മലയാള ചലച്ചിത്രലോകത്ത് മണിക്ക് പകരക്കാരന്‍ ഇല്ല എന്നു പറയുന്നത് മണി ഒരു നടന്‍ മാത്രമായതുകൊണ്ടല്ല സാധാരണക്കാരുടെ പ്രതിനിധി കൂടിയായിരുന്നു മണി എന്നതു തന്നെ. അസാധ്യമായ ചില ജീവിതങ്ങളുണ്ടെന്ന് പറയുന്നതും ഇതാണ്.
മറ്റാര്‍ക്കും പകരമാവാന്‍ കഴിയാത്ത ജീവിതം ജീവിച്ച്, അകാലത്തില്‍ മറഞ്ഞിട്ടും തെളിമയോടെ നില്‍ക്കുന്ന വ്യക്തിത്വങ്ങള്‍. വിസ്മൃതിയിലേക്ക് വിട്ടുകൊടുക്കാതെ കാലം അവരെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും. അത്തരമൊരു വിങ്ങലും നഷ്ടബോധവുമാണ് മലയാളിക്ക് കലാഭവന്‍ മണി.
സ്‌കൂള്‍ കലോത്സവ വേദിയിലെ മോണോ ആക്ട് വേദിയില്‍ നിന്ന് കലാഭവനിലെത്തിയ മണി കലാഭവന്‍ മണിയായി. അക്ഷരം എന്ന സിബിമലയില്‍ സിനിമയിലൂടെ ഓട്ടോ ഡ്രൈവറായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഓടിക്കയറി. പിന്നീട് അയാളുടെ കാലമായിരുന്നു.
ഒരു വര്‍ഷം 25 സിനിമകളില്‍ വരെ മണി അഭിനയിച്ചു. മലയാളത്തില്‍ മാത്രമൊതുങ്ങാതെ തമിഴിലും തെലുങ്കിലുമൊക്കെ മണി തന്റെ സാന്നിധ്യം അറിയിച്ചു.ചിരിപ്പിച്ചും,ചിന്തിപ്പിച്ചും, കരയിപ്പിച്ചും,വെറുപ്പിച്ചും വെള്ളിത്തിരയില്‍ നിറഞ്ഞു. ചെയ്തുവെച്ച വേഷങ്ങളില്‍, പാടി വെച്ച പാട്ടുകളില്‍ മണി ഇന്നും ട്രേഡ് മാര്‍ക്ക് ചിരിയോടെ നിറഞ്ഞുനില്‍ക്കുന്നു.