സിനിമ വ്യവസായ രംഗത്ത് സ്വതന്ത്ര സിനിമകള്‍ക്കും കലാമൂല്യമുള്ള സിനിമകള്‍ക്കും ഇടം നല്‍കുന്നതാകും കേരള സര്‍ക്കാരിന്റെ പുതിയ ഒടിടി പ്ലാറ്റ്‌ഫോം. സര്‍ക്കാര്‍ പിന്തുണയുള്ള ഇന്ത്യയിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് സി സ്‌പേസ്.
സി സ്‌പേസ് എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോം നാളെ തിരുവനന്തപുരം കൈരളി തിയേറ്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കും. സി സ്‌പേസിന്റെ വരവോടു കൂടി ഡിജിറ്റല്‍ വിനോദ മേഖലയില്‍ തരംഗമാകാനുള്ള തയ്യാറെടുപ്പിലാണ് കേരളം.
സാംസ്‌കാരിക വകുപ്പിന് കീഴില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സി സ്‌പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.മികച്ച സാങ്കേതിക നിലവാരത്തോടെ കുറഞ്ഞ ചിലവില്‍ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് സി സ്‌പേസിലൂടെ ലക്ഷ്യമിടുന്നത്.
സര്‍ക്കാരും സാംസ്‌കാരിക വകുപ്പും ചരിത്രം കുറിയ്ക്കുകയാണ് എന്ന് രേഖപ്പെടുത്തിയാണ് സി സ്‌പേസിന്റെ ഉദ്ഘാടന വിവരം മന്ത്രി സജി ചെറിയാന്‍ ഫെയ്സ്ബുക്കിലൂടെ എല്ലാവരെയും അറിയിച്ചത്. ഈ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഉള്ളടക്കങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കെഎസ്എഫ്ഡിസി നേതൃത്വത്തില്‍ സംസ്ഥാനത്തെ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ബെന്യാമിന്‍, ഒവി ഉഷ, ശ്യാമപ്രസാദ്, ജിയോ ബേബി എന്നിവരുള്‍പ്പെടെ 60 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
പ്ലാറ്റ്ഫോമിലേക്ക് നല്‍കുന്ന എല്ലാ ഉള്ളടക്കവും ഈ സമിതിയില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിലയിരുത്തും. സിനിമകളുടെയും ഡോക്യുമെന്ററികളുടെയും ഉള്ളടക്കം വിലയിരുത്തിയ ശേഷം മാത്രമേ സി സ്‌പേസില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ.
തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും സിനിമകള്‍ സി സ്‌പേസ് ഒടിടിയിലേക്ക് എത്തുക. അതുകൊണ്ടു തന്നെ ഈ സംവിധാനം സംസ്ഥാനത്തെ തിയറ്റര്‍ വ്യവസായത്തെ യാതൊരു രീതിയിലും ബാധിക്കില്ല. മാര്‍ച്ച് ഏഴ് മുതല്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പ്രേക്ഷകര്‍ക്ക് സി സ്‌പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.
കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരം നേടിയതുമായ ചിത്രങ്ങള്‍ സി സ്‌പേസ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന. ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും സി സ്‌പേസിലൂടെ കാണാന്‍ സാധിക്കും.