Share this Article
image
'ആടുജീവിതം' കണ്ട ശേഷമുള്ള ആദ്യ റിവ്യൂ പുറത്ത്; ലോകത്തിന്റെ കയ്യടി നേടുമെന്ന് സിനിമാപ്രവര്‍ത്തകര്‍
വെബ് ടീം
posted on 25-03-2024
1 min read
aadujeevitham-review

ലോകശ്രദ്ധ ആകർഷിക്കുമെന്ന് കരുതപ്പെടുന്ന ആടുജീവിതം സിനിമ കണ്ട ശേഷമുള്ള ആദ്യ പ്രതികരണങ്ങൾ പുറത്ത് വന്നു.  തെലങ്കാനയില്‍നിന്ന് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്തെത്തുകയാണ്. മൈത്രി മൂവി മേക്കേഴ്‌സാണ് ആന്ധ്രപ്രദേശിലും തെലങ്കാനയിലും ചിത്രം വിതരണം ചെയ്യുന്നത്. തെലുങ്ക് സിനിമയിലെ ശ്രദ്ധേയരായ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമായി പ്രിവ്യൂ ഷോ അവര്‍ സംഘടിപ്പിച്ചിരുന്നു. ഗച്ചിബൗളിയിലുള്ള എഎംബി സിനിമാസിലായിരുന്നു സ്‌പെഷല്‍ സ്‌ക്രീനിംഗ്. ചിത്രം കണ്ടതിന് ശേഷമുള്ള സിനിമാപ്രവര്‍ത്തകരുടെ പ്രതികരണം മൈത്രി മൂവി മേക്കേഴ്‌സ് തന്നെ പുറത്തുവിട്ടിട്ടുണ്ട്.

'ആടുജീവിതം' അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമാണെന്നും വളരെ വൈകാരികമാണെന്നും സിനിമാപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന് ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകം മുഴുവന്‍ കയ്യടി നേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്ലെസിയുടെ മേക്കിങ്ങിനെയും വാനോളം പ്രശംസിക്കുന്നു.

ആടുജീവിതം കണ്ട ശേഷമുള്ള പ്രതികരണങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം

2008-ല്‍ ആരംഭിച്ച 'ആടുജീവിതം' വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14-നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരികമാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ പത്തിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ 'ആടുജീവിതം' മാര്‍ച്ചില്‍ത്തന്നെ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഒരു എഴുത്തുകാരനെന്ന നിലയില്‍ തന്റെ കഥ എത്തരത്തിലാകും ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ സിനിമ കണ്ടതിനുശേഷം പൂര്‍ണ്ണ സന്തോഷവാനാണെന്നും 'ആടുജീവിത'ത്തിന്റെ എഴുത്തുകാരന്‍ ബെന്യാമിന്‍ നേരത്തേ പറഞ്ഞിരുന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories