ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം..ചാലക്കുടിയിലെ സ്ഥാനാർത്ഥികളായ സി.രവീന്ദ്രനാഥും ബെന്നി ബെഹ്നാനുമുള്‍പ്പടെ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കല്ലറയില്‍ എത്തിയത് നിരവധി പൗരപ്രമുഖരാണ്..
പ്രശസ്ത ചലച്ചിത്രതാരവും മുന്‍ എം പിയുമായ ഇന്നസെന്റ് ഓര്‍മ്മയായിട്ട് മാര്‍ച്ച് 26 ന് ഒരു വര്‍ഷം തികഞ്ഞു..ചാലക്കുടി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രവിന്ദ്രന്‍ മാസ്റ്റര്‍ ഇന്നസെന്റിന്റെ കുടുംബാംഗങ്ങളോടൊപ്പം രാവിലെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.
ഇന്നസെന്റ് ഒരു കലാക്കാരന്‍ മാത്രമല്ല സമൂഹത്തെ സ്‌നേഹിക്കുന്ന നല്ലൊരു സാമൂഹീക പ്രവര്‍ത്തകന്‍ കൂടി ആയിരുന്നുവെന്നും യുഗങ്ങളോളം ജനങ്ങളുടെ മനസില്‍ അദേഹത്തിന് സ്ഥാനമുണ്ടാകുമെന്നും രവിന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.ചാലക്കുടി എം പിയും യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ബെന്നിബെഹനാനും കല്ലറയില്‍ എത്തി സ്മരണ പുതുക്കി.
ഇന്നസെന്റ് ചാലക്കുടി മണ്ഡലത്തിലെ തന്‍റെ മുന്‍ഗാമിയായിരുന്നുവെന്നും അതിലുപരി നല്ല നടന്‍ കൂടിയായിരുന്നുവെന്നും അദേഹം അനുസ്മരിച്ചു.മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.
നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഇന്നസെന്റ് കലാരംഗത്ത് മാത്രമല്ല മറ്റ് ഒട്ടനവധി മേഖലയിലും ശോഭിച്ചിരുന്നതായും സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് അദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും ഉണ്ണിയാടന്‍ സ്മരിച്ചു.മന്ത്രി ആര്‍ ബിന്ദുവും ഇന്നസെന്റിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി.