“മലയാള സിനിമാലോകം കീഴടക്കാനിരിക്കുന്നത് കാഴ്ചയുടെ പുതിയ ദൂരങ്ങളാണെന്ന് തെളിയിക്കുന്നതാണ് ഇന്ന് റിലീസായ ബ്ലെസിയുടെ ആടുജീവിതം. ഇത്രനാള്‍ നോവലിസ്റ്റ് ബെന്യാമിന്‍റെ ആടുജീവിതം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സൃഷ്ടി ഇനിമുതല്‍ ബ്ലെസിയുടെ സ്വന്തം ചിത്രം എന്ന വിശേഷണത്തിന് കൂടി അര്‍ഹമായിരിക്കുകയാണ്. സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനുശേഷമുള്ള കേരളവിഷന്‍ ന്യൂസിന്‍റെ എഡിറ്റോറിയല്‍ വിലയിരുത്തല്‍ വായിക്കാം”
ആടുജീവിതത്തിന്‍റെ ആദ്യപ്രദര്‍ശനം തുടങ്ങിയപ്പോള്‍ വിസില്‍ മുഴക്കുകയും സ്ക്രീനിലേക്ക് പുഷ്പവൃഷ്ടി നടത്തുകയും ചെയ്ത ഫാന്‍സ് കൂട്ടമടക്കമുള്ളവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിശ്ശബ്ദരായി. മരുഭൂമിയില്‍ അകപ്പെട്ടവന്‍റെ ഏകാന്തതയിലേക്ക് എന്ന പോലെ പ്രേക്ഷകരില്‍ ഭൂരിപക്ഷവും സിനിമയുടെ തടവിലായി.
മഞ്ഞുമ്മല്‍ ബോയ്സില്‍ ഗുഹയിലാണ് പെട്ടുപോയതെങ്കില്‍ ഇവിടെ കരകാണാനാവാത്ത മരുഭൂമിയില്‍. അതിന്‍റെ രാവണന്‍ കോട്ട പോലുള്ള മണല്‍മായയില്‍ നിന്ന് നജീബും കൂടെയുള്ള രണ്ടുപേരും രക്ഷപ്പെടുമോ എന്ന ഉത്കണ്ഠയില്‍.
മഞ്ഞുമ്മല്‍ ബോയ്സില്‍ ഗുഹയില്‍ നിന്ന് രക്ഷിക്കാന്‍ ജീവന്‍ പണയംവയ്ക്കുന്ന സുഹൃത്താണെങ്കില്‍ ഇവിടെ മരുഭൂമിക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മൂന്നുപേരും പരസ്പരം സ്വന്തം വിയര്‍പ്പുതുള്ളി കൂടെയുള്ളവന്‍റെ ദാഹം മാറ്റാന്‍ ഇറ്റിച്ചുകൊടുക്കുന്ന ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും അതീതമായ കാരുണ്യം.
ആടുജീവിതം നോവല്‍ വായിച്ച് സിനിമ കാണാന്‍ ഹരം പൂണ്ടെത്തിയവര്‍ക്ക് നോവലില്‍ നിന്ന് വ്യത്യസ്തമായ സിനിമയുടെ ദൃശ്യഭാഷ പകര്‍ന്നുനല്‍കാന്‍ കിണഞ്ഞുപരിശ്രമിച്ച് വിജയിച്ച സംവിധായന്‍ ബ്ലെസിയെ കാണാം. സാഹിത്യപരമായ ഒരു സംഭാഷണവും ഇല്ലാതെ, അനാവശ്യമായി സബ് ടൈറ്റിലുകള്‍ പോലും നല്‍കാതെ, കാട്ടറബികളുടെ കഠിനമൊഴികള്‍ക്ക് അടിക്കുറിപ്പ് നല്‍കാതെ, അത് മനസ്സിലാകാതെ കേള്‍ക്കുന്ന നജീബിന്‍റെ സംഭ്രമത്തിലേക്ക് പ്രേക്ഷകരെയും അടിച്ചുവീഴ്ത്തുന്ന സമീപനം.
മരുഭൂമിയെന്ന മണല്‍ക്കടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ആത്യന്തികമായ ത്വരയെ ലഘൂകരിക്കും എന്ന് വിചാരിച്ചിട്ടാകാം, നോവലില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ള നജീബും ആടുകളുമായുള്ള കൊച്ചുവര്‍ത്തമാനങ്ങളും ആടുകളിലോരോന്നിനെയും പേരിട്ടുവിളിക്കലും ആടിനോട് ഇണചേര്‍ന്നുപോകുന്നതടക്കമുള്ള കാര്യങ്ങളും സംവിധായകന്‍ സമര്‍ത്ഥമായി ഒഴിവാക്കിയിട്ടുണ്ട്. ഇതൊരു ബ്ലെസി ചിത്രം തന്നെയാണ് എന്ന് ഓരോ ഫ്രെയിമിലും സമീപനത്തിലും ഉറപ്പിക്കാനുള്ള സര്‍ഗ്ഗാത്മകശ്രമം.
ആടുജീവിതം നോവല്‍ വായിക്കാതെ വന്നവരാണെങ്കിലോ, അവര്‍ക്കും കിടിലം കൊള്ളിക്കുന്ന ഒരപരിചിത ലോകമാണ് സിനിമ കാത്തുവച്ചിരിക്കുന്നത്. നജീബ് എന്ന കഥാപാത്രം പൃഥ്വിരാജ് എന്ന നടനിലൂടെ സിനിമ തുടങ്ങി ക്രമാനുഗതമായി നിമിഷം തോറും ശോഷിച്ച്, കരുവാളിച്ച്, മുടിനഖങ്ങള്‍ വളര്‍ന്ന്, പേക്കോലമായി, സ്വന്തം ഭാഷപോലും മറക്കുന്ന അസ്തിത്വപരിണാമത്തിലേക്ക് കടക്കുന്നത് കണ്ടിരിക്കേ, നടനെ നാം മറക്കുകയും അയാളുടെ പരദാഹം നമ്മുടേതായി മാറുകയും ചെയ്യുന്നു.
രണ്ടു മണിക്കൂര്‍ അമ്പത്തിയേഴു മിനിറ്റുകൊണ്ട് നാം ജീവിതത്തിന്‍റെ ഒരു മറുകരയില്‍ പോയി മടങ്ങിവരുന്നു. നമ്മുടെ ജീവിതം ഇപ്പോഴും ഏതെങ്കിലും ഈശ്വരന്‍റെ കാരുണ്യത്തിലോ, നീതിന്യായ വ്യവസ്ഥയുടെ ചിട്ടയിലോ അല്ലെന്നും അടങ്ങാത്ത ജീവിതാവേശം മൂലം അതിജീവിക്കാനുള്ള ഇച്ഛയിലാണെന്നും ഈ ചിത്രം തെളിയിക്കുന്നു.