ചെന്നൈ: യാത്രാമധ്യേ പരിശോധനയ്ക്കായി നടി മഞ്ജു വാര്യരുടെ കാർ തെരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് തടഞ്ഞുനിർത്തിയപ്പോൾ ആരാധകർ താരത്തിനടുത്തി ആഗ്രഹം സാധിച്ചു. താരത്തിനൊപ്പം സെൽഫിയെടുക്കാൻ ലഭിച്ച അവസരം ആരും പാഴാക്കിയില്ല. തിരുച്ചിറപ്പള്ളി-അരിയല്ലൂർ ദേശീയ പാതയിൽ തിരുച്ചിറപ്പള്ളിക്കുസമീപം നഗരം എന്ന സ്ഥലത്താണ് മഞ്ജു വാര്യരുടെ കാർ തടഞ്ഞുനിർത്തി ഉദ്യോഗസ്ഥർ പരിശോധിച്ചത്. കാറിൽ താരമാണെന്ന് കണ്ടതോടെ അതുവഴി കടന്നുപോയവർ സെൽഫിയെടുക്കാനെത്തുകയായിരുന്നു.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിടുതലൈ-2 ന്റെ ചിത്രീകരണത്തിനാണ് മഞ്ജു വാര്യർ തിരുച്ചിറപ്പള്ളിയിലെത്തിയത്. താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഫ്ളൈയിങ് സ്ക്വാഡ് കൈകാട്ടി നിർത്തിയത്. വളരെ സൗഹൃദപരമായാണ് ഉദ്യോഗസ്ഥർ ഇടപെട്ടതെന്നും അവരുടെ നിർദേശപ്രകാരം പരിശോധനയ്ക്ക് സഹകരിച്ചെന്നും മഞ്ജു പറഞ്ഞു.
കാറിന്റെ ഡ്രൈവിങ് സീറ്റിൽ മഞ്ജു വാര്യരെ കണ്ടതോടെ ആളുകൾ സെൽഫിയെടുക്കാൻ എത്തുകയായിരുന്നു. കാറിൽ ഇരുന്നുതന്നെ താരം സെൽഫിക്ക് പോസ് ചെയ്തു. പിന്നീട് പരിശോധന പൂർത്തിയാക്കി മഞ്ജു യാത്ര തുടർന്നു.
മഞ്ജുവിന്റെ കാർ പരിശോധന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം
ഞായറാഴ്ച ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും തൂത്തുക്കുടി സ്ഥാനാർഥിയുമായ കനിമൊഴിയെയും യാത്രാമധ്യേ തടഞ്ഞുനിർത്തി ഫ്ളൈയിങ് സ്ക്വാഡ് പരിശോധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ടിനായി പണം വിതരണം ചെയ്യുന്നെന്ന പരാതി വ്യാപകമായതിനാൽ തമിഴ്‌നാട്ടിൽ വാഹനപരിശോധന കർശനമാണ്.