ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി സീനത്ത് അമൻ ലിവിങ് ടുഗെതറിനേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. താനിതുവരെ തുറന്നു പറഞ്ഞിട്ടില്ലാത്ത വ്യക്തിപരമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് എന്ന ആമുഖത്തോടെയാണ് സീനത്ത് അമൻ തുടങ്ങുന്നത്. നിങ്ങൾ ഒരു റിലേഷൻഷിപ്പിലാണെങ്കിൽ വിവാഹത്തിന് മുമ്പ് ഒന്നിച്ചു ജീവിക്കണം എന്നാണ് തനിക്കു പറയാനുള്ളതെന്ന് അവർ പറയുന്നു.
രണ്ടു വ്യക്തികൾ ഒരുമിക്കുന്നതിൽ കുടുംബവും സർക്കാരുമൊക്കെ ഉൾപ്പെടുന്നതിന് മുമ്പ് അവർ ആത്യന്തികമായി പരീക്ഷിക്കുകയാണ് വേണ്ടതെന്ന് സീനത്ത് പറയുന്നു. തന്റെ മക്കളായ സഹാനും ആസാനും ഇതേ ഉപദേശമാണ് നൽകിയതെന്നും സീനത്ത് അമൻ പറയുന്നുണ്ട്. കാരണം തന്നെ സംബന്ധിച്ചിടത്തോളം യുക്തിപരമായ രീതിയാണിത്. ഒരു ബന്ധം നിശ്ചയിച്ചുറപ്പിക്കാനുള്ള ആത്യന്തിക പരീക്ഷണമാണിതെന്നും സീനത്ത് പറയുന്നുണ്ട്.
പ്രണയിക്കുന്ന സമയത്ത് മിക്കവരും അവരുടെ നല്ലസ്വഭാവം മാത്രമാണ് പ്രകടമാക്കുക എന്നും സീനത്ത് പറയുന്നു. എന്നാൽ ലിവിങ് ടുഗെതറിലൂടെ മുഴുവൻ സമയവും ഒരുമിച്ചാകുമ്പോഴാണ് ഒന്നിച്ചൊരു ജീവിതം സാധ്യമാകുമോ എന്ന് തിരിച്ചറിയാനാകൂ.
ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രം കാണുമ്പോൾ നല്ലസ്വഭാവം മാത്രം പുറത്തെടുക്കാൻ എളുപ്പമാണ്. പക്ഷേ ഏതവസ്ഥയിലും പരസ്പരം ചേർന്നുനിൽക്കാൻ കഴിയണം. രണ്ടു വ്യക്തികൾക്കിടയിൽ തീർച്ചയായും ഉണ്ടായേക്കാവുന്ന ഒട്ടനവധി ചെറിയ വഴക്കുകളെയൊക്കെ അതിജീവിച്ച് മുന്നോട്ടുപോകാനാവുമോ എന്ന് തിരിച്ചറിയണം. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ തമ്മിൽ ശരിക്കും പൊരുത്തമുണ്ടോ എന്ന് നിശ്ചയിക്കാൻ ലിവിങ് ടുഗെതറിലൂടെ കഴിയുമെന്നും സീനത്ത് അമൻ പറയുന്നു.
ലിവിങ് ടുഗെതറിനോട് മുഖംതിരിച്ചുനിൽക്കുന്ന സമൂഹത്തേക്കുറിച്ചും സീനത്ത് അമൻ പറയുന്നുണ്ട്. ലിവിങ് ടുഗെതറിനെ അപരാധമെന്ന നിലയിൽ അസ്വസ്ഥതയോടെ സമീപിക്കുന്നവരുണ്ട്. പക്ഷേ അപ്പോഴും സമൂഹം പലകാര്യങ്ങളിലും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട് എന്നതാണ് സത്യമെന്നും സീനത്ത് അമൻ പറയുന്നു.
നിരവധി പേരാണ് സീനത്ത് അമന്റെ പോസ്റ്റിനെ അനുകൂലിച്ച് കമന്റുകൾ ചെയ്തത്. ജീവിതത്തിലെ സുപ്രധാന തീരുമാനമായ വിവാഹത്തിലേക്ക് എത്തിച്ചേരുംമുമ്പ് ലിവിങ് ടുഗെതറിലൂടെ പോകുന്നതിൽ തെറ്റില്ലെന്നും യുക്തിപരമായ രീതിയാണിതെന്നും ഇതുവഴി മിക്ക വിവാഹമോചനങ്ങളും ഒഴിവാക്കാമെന്നുമൊക്കെ പോകുന്നു കമന്റുകൾ.