Share this Article
Union Budget
ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് കുറിപ്പുമായി മോഹൻലാലും
വെബ് ടീം
posted on 14-02-2025
1 min read
mohanlal

കൊച്ചി: നിർമ്മാതാവ് സുരേഷ് കുമാറിന്റെ പ്രസ്‌താവനയ്‌ക്കും സിനിമാ മേഖലയിലെ സമര പ്രഖ്യാപനത്തിനും എതിരെ കഴിഞ്ഞദിവസം നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന് പിന്തുണയുമായി നടന്മാരായ പ്രിഥ്വിരാജ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ എന്നിവരും എത്തിയിരുന്നു. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന് നടൻ മോഹൻലാലും പിന്തുണ നൽകിയിരിക്കുകയാണ്. 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്ന് ആന്റണിയുടെ പോസ്റ്റ് പങ്കുവച്ച് മോഹൻലാൽ കുറിച്ചു.

നേരത്തെ സിനിമാ സംഘടനയിലെ തർക്കത്തിൽ ആന്റണി പെരുമ്പാവൂരിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും രംഗത്ത് വന്നിരുന്നു. ജി. സുരേഷ് കുമാറിനെ സമൂഹ മാദ്ധ്യമങ്ങൾ വഴി ചോദ്യം ചെയ്തത് തെറ്റെന്നാണ് അസോസിയേഷൻ പ്രതികരിച്ചത്. യോഗത്തിന് വരാതെ ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമെന്നും സമരം തീരുമാനിച്ചത് സംയുക്ത യോഗത്തിന് ശേഷമെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.വിഷയത്തിൽ ആന്റണി പെരുമ്പാവൂരിനെ നേരിട്ട് കണ്ട് ചർച്ച നടത്താൻ അസോസിയേഷൻ ശ്രമിക്കുന്നുണ്ട്. നേരത്തെ സുരേഷ് കുമാറും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, സിനിമമേഖലയിലെ പോര് അഭിനേതാക്കളും നിർമാതാക്കളും തമ്മിലാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനൻ പറഞ്ഞു.

സംഘടനക്കുള്ളിൽ അഭിപ്രായ വ്യത്യാസമില്ല. അഭിനേതാക്കളാണ് സംഘടനയുടെ നിലപാടിനെതിരെ രംഗത്ത് വന്നതെന്നും സന്ദീപ് സേനൻ പ്രതികരിച്ചു.ജൂൺ ഒന്നുമുതൽ ചിത്രീകരണം നിറുത്തിവച്ച് സമരം നടത്താനുള്ള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിൽ അംഗങ്ങളുടെ ഭിന്നത പരസ്യമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇന്നലെയാണ് രംഗത്തെത്തിയത്. മറ്റു സംഘടനകളുടെ സമ്മർദ്ദത്തിനുവഴങ്ങി സമരം പ്രഖ്യാപിച്ച പ്രസിഡന്റ് ജി.സുരേഷ് കുമാറിനെ ആന്റണി രൂക്ഷമായി വിമർശിച്ചു.സ്തംഭനസമരം സിനിമയ്ക്ക് ഗുണമാകില്ലെന്ന് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. തിയേറ്ററുകൾ അടച്ചിടുകയും ചിത്രീകരണം നിറുത്തുകയും ചെയ്യുമെന്ന് വ്യക്തികളല്ല തീരുമാനിക്കേണ്ടത്,സംഘടന ആലോചിച്ചു പ്രഖ്യാപിക്കേണ്ടതാണ്. മറ്റാരെങ്കിലും പറഞ്ഞതുകേട്ടാണെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്വവും പക്വതയും സുരേഷ് കുമാർ കാണിക്കണം. തെറ്റുതിരുത്തിക്കാൻ പ്രസിഡന്റ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories