Share this Article
Union Budget
എഴുത്തുകാരന്റെ പരാതി; കോപ്പിയടിയിൽ ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
വെബ് ടീം
posted on 20-02-2025
1 min read
shankar

ചെന്നൈ: സംവിധായകൻ ശങ്കറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ ആണ് ഇഡി കണ്ടുകെട്ടിയത്. 2010ൽ പുറത്തിറങ്ങിയ എന്തിരൻ എന്ന സിനിമയുടെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ആണ് ശങ്കറിനെതിരെ നടപടിയെടുത്തിരിക്കുന്നത്. ശങ്കറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്.1996 ൽ പ്രസിദ്ധീകരിച്ച തന്റെ ചെറുകഥയായ ജിഗുബ അനുമതിയില്ലാതെ സിനിമയാക്കി എന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരൻ ആരൂര്‍ തമിഴ്‌നാടന്‍ ശങ്കറിനെതിരെ പരാതി നൽകിയിരുന്നു. 2011 മെയ് 19 ന് ചെന്നൈയിലെ എഗ്മോർ കോടതിയിലാണ് ആരൂർ ശങ്കറിനെതിരെ പരാതി നൽകിയത്. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതോടെ എഗ്മോറിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ശങ്കറിനെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.ശങ്കറിനെതിരെയുള്ള അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. എന്തിരന്റെ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണത്തിനും സംവിധാനത്തിനുമായി ആകെ ശങ്കര്‍ 11.5 കോടി രൂപ വാങ്ങിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഈ തുകയാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഉള്ളടക്കത്തിലും കഥയുടെ വികാസത്തിലും പ്രമേയത്തിലും കഥാപാത്ര സൃഷ്ടിയിലുമെല്ലാം ജിഗുബയും എന്തിരനും തമ്മില്‍ വളരെ അടുത്ത സാമ്യമുള്ളതായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കണ്ടെത്തിയിരുന്നു.ഈ കണ്ടെത്തല്‍ ശങ്കറിനെതിരായ പകര്‍പ്പവകാശലംഘന പരാതിക്ക് കൂടുതല്‍ ബലം നല്‍കി. 1996 ൽ ഇനിയ ഉദയം എന്ന തമിഴ് മാസികയിലാണ് ജിഗുബ പ്രസിദ്ധീകരിച്ചത്. പിന്നീട് 2007 ൽ ധിക് ധിപിക എന്ന പേരിൽ ഇതൊരു നോവലായി പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതേസമയം രജനികാന്ത് നായകനായെത്തിയ എന്തിരനിൽ ഐശ്വര്യ റായ് ആയിരുന്നു നായികയായെത്തിയത്.ഒരു ശാസ്ത്രജ്ഞനും അയാള്‍ സൃഷ്ടിച്ച റോബോർട്ടും അയാളുടെ കാമുകിയും തമ്മിലുള്ള സങ്കീര്‍ണ ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ എന്തിരന്‍ സാങ്കേതിക തികവിന്റെ പേരിലും രജനികാന്തിന്റെ വ്യത്യസ്ത ​ഗെറ്റപ്പുകളുടേയും ഇരട്ട റോളിന്റേയും പേരിലും ശ്രദ്ധ നേടിയിരുന്നു. 290 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുമായി ബോക്സോഫീസിൽ നിന്ന് നേടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories