സംവിധായകൻ ദീപു കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി അനശ്വര രാജൻ. അനശ്വരയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന ചിത്രത്തിന്‍റെ പ്രമോഷന് നടി സഹകരിക്കുന്നില്ല എന്നായിരുന്നു സംവിധായകൻ ആരോപിച്ചത്. ഇപ്പോൾ ആരോപണങ്ങളോട് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുകയാണ് അനശ്വര.തികച്ചും വേദനാജനകമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നതിനാലാണ് കുറിപ്പ് എഴുതേണ്ടി വന്നതെന്നും സംവിധായകൻ ദീപു കരുണാകരൻ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് കുറച്ച് ദിവസമായി നടത്തുന്നതെന്നും അനശ്വര വ്യക്തമാക്കി.
"കാശെണ്ണിക്കൊടുത്തിട്ടാണ്" എന്ന അത്രയും മോശമായ പരാമർശം തന്നെ ഏറെ വിഷമിപ്പിച്ചു. പ്രൊഡ്യൂസർ പണം നൽകാതെ റൂമിൽ നിന്നും ഇറങ്ങേണ്ട എന്ന് സംവിധായകൻ പറഞ്ഞപ്പോഴും "ഷൂട്ട് തീരട്ടെ"എന്ന് പറഞ്ഞു മുൻകൈ എടുത്ത് ഇറങ്ങിയ തന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഉണ്ടായതെന്ന് അനശ്വര പറഞ്ഞു.സിനിമയുടേതായ ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യൂ തന്റേത് മാത്രമാണ്. അനാവശ്യ വിവാദങ്ങൾ ഉന്നയിക്കുന്ന സംവിധായകൻ സിനിമക്ക് വേണ്ടി യാതൊരുവിധ പ്രമോഷനോ ഇന്റർവ്യൂകളോ കൊടുത്തിട്ടില്ല.
തന്‍റെ കരിയറിനെ മോശമായി ബാധിക്കണം എന്ന ദുരുദ്ദേശ്യത്തോടെയാണ് പരാമർശം നടത്തിയത്. സംവിധായകന് ബുദ്ധിമുട്ടുണ്ടാക്കിയ മറ്റ് അഭിനേതാക്കളുടെ പേര് പറയാതെ താരതമ്യേന പുതുമുഖവും പെൺകുട്ടിയുമായ തന്റെ പേര് പറഞ്ഞത് പ്രതികരിക്കില്ല എന്ന മനോഭാവം കാരണമാകാം. സ്ത്രീ എന്ന വിക്ടിം കാർഡ് ഉപയോഗിക്കാൻ താല്പര്യപെടുന്നില്ലെന്നും അനശ്വര വ്യക്തമാക്കി.