ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ ചരിത്ര നീക്കവുമായി തെന്നിന്ത്യൻ നടി സാമന്ത റുത്ത് പ്രഭു. 2023ൽ ആരംഭിച്ച ട്രലാല മൂവി പിക്ച്ചേഴ്സാണ് നടിയുടെ പ്രൊഡക്ഷൻ ഹൗസ്. നിർമിക്കുന്ന ആദ്യ ചിത്രത്തിൽ ലിംഗഭേദമില്ലാതെ തുല്യമായ പ്രതിഫലം അഭിനേതാക്കള്‍ക്കും അണിയപ്രവര്‍ത്തകര്‍ക്കും നൽകുമെന്ന് സംവിധായിക നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം പങ്കുവെച്ചത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'വുമണ്‍ ഇന്‍ സിനിമ' എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് നന്ദിനി ഇക്കാര്യം പറഞ്ഞത്.
പ്രതിഫലവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ ഗ്യാപ്പിനെ കുറിച്ച് സംസാരിക്കവേയാണ് സാമന്തയുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രചോദനാത്മകമായ നീക്കത്തെ കുറിച്ച് നന്ദിനി തുറന്നുപറഞ്ഞത്.ട്രലാല മൂവിങ് പിക്ചേർസിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന 'ബൻഗാരം' എന്ന് പേരിട്ടിരിക്കുന്ന ആദ്യ ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും തുല്യവേതനം നൽകുമെന്ന് സാമന്ത അറിയിച്ചിരുന്നു, നന്ദിനി റെഡ്ഡി പറഞ്ഞു. സാമന്തയെ നായികയാക്കി 2019-ൽ പുറത്തിറങ്ങിയ 'ഒ-ബേബി', സാമന്ത-സിദ്ധാർത്ഥ് എന്നിവർ പ്രധാന വേഷങ്ങളിലെത്തി 2013-ൽ പുറത്തിറങ്ങിയ 'ജബർദസ്‌ത്' എന്നവ നന്ദിനി റെഡ്ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ്.