കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടിടി റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 20 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ലഭ്യമാകും. ജീത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകന്‍. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
തിയേറ്ററിലും ഒടിടിയിലും പ്രേക്ഷകപ്രീതി നേടിയ ചിത്രം പ്രണയവിലാസത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മാണം നിര്‍വഹിച്ചത്.ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി വിതരണത്തിന് എത്തിച്ചത്. ചാക്കോച്ചന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, വിശാഖ് നായര്‍, മനോജ് കെ യു, റംസാന്‍ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി വാരിയര്‍, ലേയ മാമ്മന്‍, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഛായാഗ്രഹകന്‍. ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്ക്സ് ബിജോയ്.