മോഹന്‍ലാല്‍ എമ്പുരാൻ പൂര്‍ണമായി കണ്ടിരുന്നില്ലെന്നും സിനിമയിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ആദ്യദിനം മോഹൻലാലും താനും ഒരുമിച്ചാണ് സിനിമ കണ്ടതെന്നും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹന്‍ലാലിന് മാനസികമായി വളരെയധികം വിഷമമുണ്ടെന്നും മേജര്‍ രവി പറഞ്ഞു.വിവാദങ്ങളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഒരു ക്ഷമാപണം എഴുതി തയ്യാറാക്കിയിട്ടുണ്ടെന്നും അത് പക്ഷേ എവിടെയും പങ്കുവെച്ചതായി അറിയില്ലെന്നും മേജര്‍ രവി പറയുന്നു.
അരമണിക്കൂറിലേറെ നീണ്ട ഫെയ്‌സ് ബുക്ക് ലൈവിലാണ് മോഹന്‍ലാലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവ്യക്തികളിലൊരാളായ മേജര്‍ രവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.മോഹന്‍ലാല്‍ ഒരു തവണ കഥ കേട്ടുകഴിഞ്ഞ് നല്ലതെന്ന് തോന്നിയാല്‍ പിന്നീട് ഒരിക്കലും അതില്‍ ഇടപെടാറില്ല. കീര്‍ത്തിചക്രപോലും അദ്ദേഹം മുഴുവന്‍ സിനിമ പൂര്‍ണമായി കണ്ടിട്ടില്ല. അതുകൊണ്ട് മോഹന്‍ലാല്‍ പൂര്‍ണമായി കണ്ടിട്ടാണ് എമ്പുരാന്‍ പുറത്തിറക്കിയതെന്ന് പറയരുത്.അതേസമയം ചിത്രത്തില്‍ എല്ലാവര്‍ക്കും വിഷമമുണ്ടാക്കുന്ന പ്രശ്‌നങ്ങളുണ്ടെന്ന് മേജര്‍ രവി പറഞ്ഞു.
തിരക്കഥാകൃത്തായ മുരളി ഗോപിയെയും അദ്ദേഹം വിമര്‍ശിച്ചു. ഗുജറാത്ത് കലാപത്തെ വളരെ ഏകപക്ഷീയമായാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആ കലാപം എങ്ങനെ തുടങ്ങിയെന്ന വിഷയങ്ങള്‍ കൂടി കാണിക്കേണ്ടത് എഴുത്തുകാരനെന്ന നിലയില്‍ മുരളി ഗോപിക്ക് ഉത്തരവാദിത്വമുണ്ടായിരുന്നു. മുസ്ലീങ്ങളെ കൊല്ലുന്ന ഹിന്ദുക്കള്‍ എന്ന് ചിത്രീകരിച്ചത് വര്‍ഗീയതയാണെന്നും മേജര്‍ രവി പറഞ്ഞു.മാര്‍ച്ച് 27 ന് റിലീസ് ചെയ്ത എമ്പുരാന്‍ ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചുകഴിഞ്ഞു.