നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശനത്തിനെതിരെ പ്രതികരിച്ച് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകള്‍ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ആന്റണി യോഗങ്ങളില്‍ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്‌സ് പരിശോധിക്കാം.ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോള്‍ സിനിമ നിര്‍മ്മിച്ച ആളാണ് താന്‍. ഞാന്‍ ഒരു മണ്ടന്‍ അല്ല. തമാശ കളിയ്ക്കാന്‍ അല്ല സംഘടന.
എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പറഞ്ഞത് ബന്ധപ്പെട്ടവര്‍ അറിയിച്ച കാര്യമാണ്. അത് പിന്‍വലിക്കണമെങ്കില്‍ പിന്‍വലിക്കാം. സമരവുമായി മുന്നോട്ട് തന്നെ പോവും എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.
അതേസമയം, നിര്‍മ്മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് ആന്റണിയുടെ പോസ്റ്റ്. ഒപ്പം എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞതിനെയും ആന്റണി വിമര്‍ശിച്ചിരുന്നു. എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പൊതുസമക്ഷത്തില്‍ സുരേഷ് കുമാര്‍ സംസാരിച്ചതിന്റെ ഔചിത്യം എന്താണെന്ന് മനസിലാവുന്നില്ലെന്നും ആന്റണി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.മലയാള സിനിമാ സംഘടനയിലെ തര്‍ക്കം അതിരൂക്ഷമായി തുടരുകയാണ്. സിനിമ നിര്‍മ്മാതാക്കള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുയാണ് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുരേഷ് കുമാര്‍ രംഗത്തുവന്നിരുന്നു. 100 കോടി രൂപ ഷെയര്‍ വന്ന ഒരു സിനിമ കാണിച്ചു തരുമോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് കുമാര്‍ താരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.