Share this Article
ഉള്ളു പൊള്ളിയ്ക്കുന്ന നോട്ടവുമായി സ്ക്രീനിലെ നജീബ്; 'ആടുജീവിതം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
വെബ് ടീം
posted on 10-01-2024
1 min read
aadujeevitham-movie-poster-prabhas-unveils-prithviraj-blessy-film-first-look

ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ്. പൃഥ്വിരാജിനെ നായകനാക്കി മലയാളത്തിന്റെ സ്വന്തം ബ്ലെസി ഒരുക്കുന്ന ചിത്രം ലോകസിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയുടെ കാഴ്ച. മലയാളത്തില്‍ ഇന്നും ബെസ്റ്റ്സെല്ലറുകളില്‍ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ മുന്‍നിര്‍ത്തി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.

മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്.

മലയാളത്തില്‍ എറ്റവും കൂടുതല്‍ പതിപ്പുകള്‍ ഇറങ്ങിയ നോവല്‍കൂടിയാണ് ആടുജീവിതം. ചിത്രം ഇന്നത്തെ തലമുറയ്ക്ക് കൂടി വേണ്ടിയാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു. ഇന്നത്തെ സിനിമ കാണുന്ന യുവാക്കളില്‍ ഭൂരിഭാഗവും ആടുജീവിതം ഇത്രയും ജനപ്രീതി നേടിയ ശേഷവും വായിച്ചിട്ടില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അവരില്‍ ചിലരെ ഞങ്ങള്‍ സിനിമ കാണിക്കുകയും സിനിമയെ എങ്ങനെ നിര്‍വചിക്കുമെന്ന് അവരോട് ചോദിക്കുകയും ചെയ്തു. 'ഞങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ അതിജീവന സിനിമയാണ് ഇത്. യഥാര്‍ത്ഥ കഥയാണ് ഇതെന്നത് അവിശ്വസനീയമാണ്' എന്നുമായിരുന്നു അവര്‍ പറഞ്ഞത്. ആടുജീവിതം എന്ന സിനിമയെ നിര്‍വചിക്കാനും ഇതേ വാക്കുകള്‍ തന്നെ ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത് എന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന് തെളിയിക്കുന്ന ആ വീഡിയോ ട്രെയ്ലര്‍ അല്ലെന്നും വേള്‍ഡ്വൈഡ് റിലീസിന് മുന്നോടിയായി ഇന്റലര്‍നാഷണല്‍ ഏജന്റുമാര്‍ക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ചോര്‍ന്നതാണെന്നും സംവിധായകന്‍ ബ്ലെസി പിന്നീട് അറിയിച്ചിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories