Share this Article
image
'പേര് മാറ്റാൻ തയാർ’; ഹർജിയിൽ മറുപടിയുമായി മമ്മുട്ടിയുടെ ഭ്രമയുഗം സിനിമ നിർമാതാക്കൾ
വെബ് ടീം
posted on 13-02-2024
1 min read
Bramayugam Producers at Kerala High Court

കൊച്ചി: ഫെബ്രുവരി 15നു റിലീസ് ചെയ്യാനിരിക്കെ   വിവാദത്തിലായ ‘ഭ്രമയുഗം’ സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘കൊടുമോൺ പോറ്റി’യെന്നാക്കാൻ തയാറാണെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയിൽ. ഇക്കാര്യത്തിൽ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് നിര്‍‍മാതാക്കൾ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചു

‘ഭ്രമയുഗ’ത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പുഞ്ചമൺ ഇല്ലക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്‍കീർത്തിയെ ബാധിക്കുന്നതാണെന്നും കാണിച്ചായിരുന്നു ഹർജി.

ഭ്രമയുഗം എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍ നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്. എന്നാൽ‍ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്.

ഇത് കുടുംബത്തിന് സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേര് വരുത്തി വയ്ക്കും. പ്രത്യേകിച്ച് മമ്മൂട്ടിയെപ്പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാട് പേരെ സ്വാധീനിക്കും എന്നിരിക്കെ. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇതു സംബന്ധിച്ച് ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഇത്തരമൊരു ചിത്രീകരണം കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിനു മുൻപാകെ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നു. ചിത്രത്തില്‍ തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരോ പരാമര്‍ശങ്ങളോ നീക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories