മലയാള സിനിമയുടെ സീൻ മാത്രമല്ല, ചരിത്രവും മാറ്റിയ വർഷമാണ് 2024. ഒന്നിന് പിറകെ ഒന്നായി നിരവധി മികച്ച ചിത്രങ്ങൾ ഈ വർഷം തിയേറ്ററുകളിൽ എത്തി. പ്രമേയത്തിൽ എപ്പോഴും വ്യത്യസ്തത തേടുന്ന മലയാളികൾക്ക് മുന്നിൽ ‘അഞ്ചാം വേദം’ എന്ന സിനിമയുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ് നവാഗത സംവിധായകനായ മുജീബ് ടി മുഹമ്മദ്. തൻ്റെ പുതിയ ചിത്രത്തിൻ്റെ വിശേഷങ്ങൾ കേരളവിഷന്ന്യൂസ്.കോമുമായി പങ്കുവയ്ക്കൂകായണ് മുജീബ്
അഞ്ചാം വേദം എന്ന സിനിമ തിയേറ്ററിൽ എത്താൻ ഒരുങ്ങുകയാണ്, എന്താണ് സിനിമയേക്കുറിച്ച് പറയാനുള്ളത്?
നിരവധി പുതുമുഖങ്ങൾ അഭിനയിച്ചിട്ടുള്ള സിനിമയാണ് അഞ്ചാം വേദം. മാർച്ച് ഒന്നാം തീയതി തിയേറ്ററിൽ എത്തേണ്ടിയിരുന്ന സിനിമ തിയേറ്റർ ഉടമകളുടെ സമരം കാരണം റിലീസ് വൈകുകയായിരുന്നു. ഏപ്രിൽ 26നാണ് സിനിമ പ്രേക്ഷകരുടെ മുൻപിൽ എത്തുക. അവിവാഹിതനായ യുവാവും വിവാഹ മോചിതയായ യുവതിയും തമ്മിലുള്ള പ്രണയവും ഈ പ്രണയം കൊണ്ടുണ്ടാകുന്ന രാഷ്ട്രീയ സാമൂഹിക സാമുദായിക പ്രശ്നങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
‘ഫസഹ്’ എന്ന മത നിയമത്തേക്കുറിച്ച് സിനിമ ചർച്ച ചെയ്യുന്നുണ്ടല്ലോ, ഇത് യാദൃശ്ചികമായി കഥയിൽ വന്നതാണോ അല്ലെങ്കിൽ ഈ വിഷയം പറയണമെന്ന ബോധപൂർവമായ തീരുമാനമാണോ?
ബോധപൂർവം എന്ന് പറയാൻ പറ്റില്ല. ഞങ്ങൾക്ക് അറിയാവുന്ന ആളുകളെക്കുറിച്ചുള്ള കഥയാണ് ഇതിൽ പറയുന്നത്. അങ്ങനെ ആ കഥ പറഞ്ഞ് വന്നപ്പോൾ ആണ് ഫസഹ് വിഷയമായത്. ഫസഹ് എന്ന് പറയുന്നത് പുരുഷന്മാർ തലാഖ് ചെയ്യുന്നത് പോലെ ഒരു സ്ത്രീക്ക് അവരുടെ ഭർത്താവിനെ ഒഴിവാക്കാൻ അനുവദിക്കുന്ന മതനിയമമാണ്.
ഇതുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് കേസുകൾ ഇപ്പോൾ ഹൈക്കോടതിയിൽ നടക്കുന്നുണ്ട്. ഇത് അനുവദിച്ചതിനെതിരെ സുപ്രീം കോടതിയിൽ അപ്പീലും ഫയൽ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സ്ത്രീകൾക്ക് അനുകൂലമായ മത നിയമങ്ങൾ ഉള്ളതാണ്. എന്നാൽ ആളുകൾക്ക് അറിയില്ല എന്നതാണ് സത്യം.
വിവാദമാകാൻ സാധ്യതയുള്ള പ്രമേയം ആണല്ലോ അഞ്ചാം വേദം കൈകാര്യം ചെയ്യുന്നത്. സിനിമ ഇറങ്ങിയാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭയമുണ്ടോ?
അങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട കാര്യമില്ല. മതം അനുവദിച്ചിട്ടുള്ള കാര്യമാണ് സിനിമയിൽ പറയുന്നത്. അതുകൊണ്ട് അത് വിവാദമാകാനുള്ള സാധ്യത ഇല്ല.ഇത് ഒരു പ്രണയകഥയും അതിനൊപ്പമുള്ള കൊലപാതകവും തുടർന്നുള്ള അന്വേഷണവുമാണ് സിനിമ പറയുന്നത്. ഇത് ഒരു മൾട്ടി ജോണർ സിനിമയാണ്. കൂടാതെ കൊറോണക്കാലത്ത് നമ്മളെ എങ്ങനെ രാഷ്ട്രീയക്കാർ ഉപയോഗിച്ചു എന്നുകൂടി സിനിമയിൽ പറയുന്നുണ്ട്.
അഞ്ചാം വേദം എന്ന പേരിന് പിന്നിൽ?
എല്ലാ വേദങ്ങളും മനുഷ്യന് വേണ്ടി സൃഷ്ടിച്ചതാണ് എന്നാൽ ജാതിയും മതവും പറഞ്ഞ് മനുഷ്യർ തമ്മിൽ തല്ലുകയാണ്. രാഷ്ട്രീയത്തിന് മതത്തിന് മീതെ മനുഷ്യത്വത്തിൻ്റെ പുതിയ വേദം നിൽക്കണമെന്നാണ് ഈ പേരിലൂടെ ഞങ്ങൾ ഉദ്ദേശിച്ചത്.
സിനിമയിലെ അഭിനേതാക്കളെക്കുറിച്ച്?
നായകനായി വരുന്ന വിഹാൻ വിഷ്ണു പുതുമുഖമാണ്. തമിഴിൽ മൂന്ന് നാല് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുനു ലക്ഷ്മിയാണ് നായിക. രണ്ട് പേരും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അമർ നാഥ് ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്. സിനിമയിൽ ഏറ്റവും പ്രാധാന്യമുള്ള അക്ബർ എന്ന കഥാപാത്രത്തെയാണ് അമർനാഥ് അവതരിപ്പിക്കുന്നത്.
ഇത് ഒരു പ്രണയ സിനിമകൂടി ആണല്ലോ? അതുകൊണ്ട് തന്നെ പാട്ടുകൾക്ക് എത്രത്തോളം പ്രാധാന്യമുണ്ട്?
നാല് പാട്ടുകളാണ് സിനിമയിലുള്ളത്. തരക്കേടില്ലാത്ത പാട്ടുകളാണ് ഈ സിനിമയിലേതെന്നാണ് ഞങ്ങളുടെ വിശ്വാസം. പിന്നെ വിലയിരുത്തേണ്ടത് ജനങ്ങൾ ആണല്ലോ.
സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ്?
സസ്ക്സസ് ആകും എന്ന പ്രതീക്ഷയാണല്ലോ നമുക്കുള്ളത്. ഏപ്രിൽ 26ന് എല്ലാം അറിയാം
പുതിയ പ്രൊജക്റ്റുകളെക്കുറിച്ച്
ഈ സിനിമയുടെ വിജയത്തെ ആശ്രയിച്ചായിരിക്കും പുതിയ പ്രൊജക്റ്റുകൾ. നിലവിൽ ഞാൻ ഒരു കേബിൾ നെറ്റ് വർക്ക് ബിസിനസ് നടത്തുകയാണ്. ഈ സിനിമ വിജയമായാൽ തുടർന്നും സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്.