സിനിമാലോകം ആകാംഷയോടെ കാത്തിരുന്ന ലോകേഷ് കനകരാജ് - രജനികാന്ത് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. 'കൂലി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രംപ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് കൂലി എന്നാണ്.
സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്രത്തില്‍ രജിനികാന്തിന്റെ കഥാപാത്രം വന്നെത്തുന്നതും വില്ലന്മാരെ അടിച്ചൊതുക്കുന്നതുമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ടീസറില്‍ രജനികാന്തിന്റെ മാസ്സ് ഡയലോഗുകളും ആക്ഷനും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിത്രമാണ് ഇതെന്നാണ് ടൈറ്റില്‍ ടീസര്‍ നല്കുന്ന സൂചന. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. അതേ സമയം സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് സംവിധായകന് ലോകേഷ് പറയുന്നു.
കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധിമാരന് നിര്‍മിക്കുന്ന തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും ഇത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം ആണ് സംഘട്ടനമൊരുക്കുന്നത്.