ആഗോള തലത്തിൽ 200 കോടിയിലധികം കളക്ഷൻ നേടി ഇൻടസ്ട്രി ഹിറ്റടിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് രണ്ടാമതും നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് നടപടി.
ഇയാളുടെ പരാതിയിൽ നിർമാതാക്കൾക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ എറണാകുളം സബ് കോടതി നേരത്തെ മരവിപ്പിച്ചിരുന്നു. നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിച്ചിച്ചത്. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങളാണ് നിര്‍മ്മാതാക്കളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. 47 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. സിനിമയ്ക്കായി ഏഴ് കോടി രൂപ മുടക്കിയതിൻ്റെ ലാഭ വിഹിതം 40 ശതമാനം ചേർത്ത് വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്.