ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് സിജു വിൽസൺ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പഞ്ചവത്സര പദ്ധതി എന്ന ചലച്ചിത്രത്തിന്‍റെ പരസ്യം പുറത്തിറങ്ങി. ഏപ്രില്‍ ഇരുപത്തിയാറിന് ചിത്രം പ്രദര്‍ശനത്തിനെത്തും
കലമ്പാസുരന്‍ എന്ന വിചിത്രമായ പേരുള്ള ഒരു കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളുമായാണ് പഞ്ചവത്സര പദ്ധതി എന്ന ചലച്ചിത്രത്തിന്‍റെ പരസ്യദൃശ്യങ്ങള്‍ തുടങ്ങുന്നത്. കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സാമൂഹ്യപ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
സിജു വിൽസണ് പുറമേ പുതുമുഖം കൃഷ്ണേന്ദു എ.മേനോനും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു, പി.ജി.പ്രേംലാൽ സംവിധാനം ചെയ്ത "പഞ്ചവത്സര പദ്ധതി"യുടെ തിരക്കഥയും സംഭാഷണവും സജീവ് പാഴൂരിന്‍റേതാണ്. ഷാൻ റഹ്മാൻ ആണ് സംഗീത സംവിധായകന്‍.
പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ആൽബി ഛായാഗ്രഹണവും കിരൺ ദാസ് ദൃശ്യസംയോജനവും നിര്‍വഹിച്ച ചിത്രത്തില്‍ ഗാനരചയിതാക്കള്‍ റഫീഖ് അഹമ്മദും ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനുമാണ്.