തിയേറ്റർ സ്ക്രീനിൽ സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷി അവതരിക്കുന്നത് കാണാൻ ഇനി മണിക്കൂറുകൾ മാത്രം! അയാളുടെ രണ്ടാം വരവിലെ ബോക്സ് ഓഫീസ് പ്രകടനം കണ്ട് ഇന്ത്യൻ സിനിമാലോകം തന്നെ അമ്പരപ്പോടെ ഉറ്റുനോക്കുകയാണ്.
റിലീസിന് മുമ്പേ അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് ‘എമ്പുരാൻ’. മാർച്ച് 21-ന് രാവിലെ 9 മണിക്ക് തുടങ്ങിയ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു, ഇത് മലയാള സിനിമയിൽ ഒരു പുതിയ നാഴികക്കല്ലായി.
ഇതുവരെ 78 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗ് നേടിയ ചിത്രം, റിലീസ് ദിനത്തിൽ മാത്രം 50 കോടി രൂപയുടെ കളക്ഷൻ പ്രതീക്ഷിക്കുന്നു. ആദ്യ ദിനം 50 കോടി ഗ്രോസ് നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡും ‘എമ്പുരാൻ’ സ്വന്തമാക്കാൻ പോകുന്നു.
കേരളത്തിൽ 746 തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് എന്ന നേട്ടവും ഈ ചിത്രത്തിന് സ്വന്തം.
ഒരു മലയാള ചിത്രം ആദ്യമായി ഐമാക്സ് പതിപ്പിൽ എത്തുന്നതും ‘എമ്പുരാനിലൂടെ’യാണ്. റിലീസ് ദിനത്തിൽ കേരളത്തിൽ മാത്രം 4500-ലധികം ഷോകൾ നടക്കും, ഇതും ഒരു പുതിയ റെക്കോർഡാണ്.