തൃശൂർ വെളപ്പായയില്‍ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ ടി.ടി.ഇയും നടനുമായ കെ. വിനോദിന് അന്ത്യോപചാരം അർപ്പിച്ച് സിനിമാലോകം. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികളെന്ന് നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. നടൻ കലാഭവൻ ഷാജോണും ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിട്ടുണ്ട്.
ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാങ്‌സ്റ്ററിലൂടെ സിനിമയിലെത്തിയ വിനോദ്, 15-ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിനോദ് കണ്ണന്‍ എന്ന പേരിലാണ് ഇദ്ദേഹം സിനിമ ലോകത്ത് അറിയപ്പെടുന്നത്.മോഹന്‍ലാലിന്റെ മിസറ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയുടെ സംവിധായകന്‍ ആഷിഖ് അബു വിനോദിന്റെ സഹപാഠിയാണ്. 'ഒപ്പം' സിനിമയില്‍ ഡിവൈ.എസ്.പിയുടെ വേഷമാണ് വിനോദ് ചെയ്തത്. ഹൗ ഓള്‍ഡ് ആര്‍ യൂ?, മംഗ്ലീഷ്, വിക്രമാദിത്യന്‍, കസിന്‍സ്, വില്ലാളിവീരന്‍, വിശ്വാസം അതല്ലേ എല്ലാം, അച്ഛാ ദിന്‍, ലവ് 24x7, രാജമ്മ @ യാഹൂ, നല്ല നിലാവുള്ള രാത്രി എന്നീ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു.
ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തടുര്‍ന്ന് വിനോദിനെ ഇതരസംസ്ഥാന തൊഴിലാളി രജനികാന്ത് ട്രെയിനില്‍നിന്ന് തള്ളിയിടുകയായിരുന്നു. ഷൊര്‍ണൂരില്‍നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രാക്കിലേക്കായിരുന്നു വിനോദ് വീണത്. റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തതിന് പിഴ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ടി.ടി.ഇ.യുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി രജനീകാന്ത് മൊഴി നല്‍കിയത്.