കൊച്ചി: ആഗോള തലത്തിൽ 200 കോടിയിലധികം കളക്ഷൻ നേടി ഇൻടസ്ട്രി ഹിറ്റടിച്ച "മഞ്ഞുമ്മൽ ബോയ്സ്' വിവാദത്തിലേക്ക്. നിർമാതാക്കൾക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ എറണാകുളം സബ് കോടതി മരവിപ്പിച്ചു. നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിച്ചിരിക്കുന്നത്.
അരൂർ സ്വദേശി സിറാജ് നൽകിയ ഹർജിയിലാണ് നടപടി. സിനിമക്കായി ഏഴ് കോടി മുടക്കി, എന്നാൽ ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഹർജിയിൽ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്കു മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണു നിർമിച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്‌നാട്ടിലുമായാണു ചിത്രീകരിച്ചത്.