കൊച്ചി: ‘ഭ്രമയുഗം’ സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘കൊടുമൺ പോറ്റി’യെന്നാക്കി മാറ്റി കേസ് തീർപ്പാക്കി. കഥാപാത്രത്തിന്റെ പേരു മാറ്റണമെന്ന നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിച്ച് ഇതിനുള്ള നിർദേശം നൽകിയെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. ‘ഭ്രമയുഗ’ത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പുഞ്ചമൺ ഇല്ലക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നതു തങ്ങളുടെ കുടുംബത്തിന്റെ സത്‍കീർത്തിയെ ബാധിക്കുന്നതാണെന്നും കാണിച്ചായിരുന്നു ഹർജി.
തുടർന്നു കേസ് പരിഗണിച്ചപ്പോൾ കഥാപാത്രത്തിന്റെ പേര് ‘കൊടുമൺ പോറ്റി’ എന്നാക്കി മാറ്റാൻ തയാറാണെന്നും ഇതിനുള്ള അപേക്ഷ സെൻസര്‍ ബോർഡിന് നൽകിയിട്ടുണ്ടെന്നും നിർമാതാക്കൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിനെ അറിയിച്ചു. തുടര്‍ന്നാണ് സെൻസർ ബോർഡ് തങ്ങൾ അനുമതി നൽകിയ കാര്യം കോടതിയെ അറിയിച്ചത്. ഫെബ്രുവരി 15നാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം റിലീസ് ചെയ്യുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ പുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണു ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഭ്രമയുഗം എന്ന ചിത്രത്തിന്റെ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ‘കുഞ്ചമൺ പോറ്റി’ എന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണെന്നും ഇതു കുടുംബത്തിനു സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേര് വരുത്തി വയ്ക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.