കേരളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഗിരീഷ് എഡി ചിത്രം പ്രേമലു ഹിറ്റാണ്. ഏഴ് ദിവസം കൊണ്ട് ആഗോള തലത്തിൽ 26 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 14 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. 12.5 കോടിയായിരുന്നു ചിത്രത്തിന്റെ മുതൽ മുടക്ക്.ആദ്യ ദിനം തൊണ്ണൂറുലക്ഷമായിരുന്നു ചിത്രത്തിന്റെ കലക്‌ഷൻ. രണ്ടാം ദിനം ഇത് ഇരട്ടിയായി വർധിച്ചു. മൗത്ത്പി പബ്ലിസിറ്റി കൂടിയതോടെ ഹൗസ് ഫുള്ളായി മുന്നേറുകയാണ് ചിത്രം. ഓസ്ട്രേലിയ പോലുളള വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
നസ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടൈനറാണ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മിച്ചിരിക്കുന്നത്.