Share this Article
നിലച്ചു ഭാവഗാനം; പി. ജയചന്ദ്രൻ അന്തരിച്ചു
വെബ് ടീം
9 hours 9 Minutes Ago
1 min read
p jayachandran

തൃശൂർ: മലയാളത്തിന്‍റെ ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളായി അർബുദ ബാധിതനായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.

1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു. പിന്നീട്‌ കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾ കലോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.

യേശുദാസിനൊപ്പം ഭാവഗായകനെയും പ്രേക്ഷകർ നെഞ്ചിലേറ്റി. പിന്നീട് കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതശബ്ദമായി ഓരോ മലയാളിയുടെ മനസിലും മധുചന്ദ്രിക പെയ്തിറങ്ങി.

1965ൽ പുറത്തിറങ്ങിയ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ ‘ഒരുമുല്ലപ്പൂമാലയുമായ് ’എന്ന ഗാനത്തിലൂടെയായിരുന്നു ഭാവഗായകന്റെ സിനിമ അരങ്ങേറ്റം. ആ ചിത്രം പുറത്തുവരുന്നതിനു മുന്‍പ് ദേവരാജന്‍- പി ഭാസ്കരന്റെ കൂട്ടുകെട്ടില്‍ പിറന്ന ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ജയചന്ദ്രനെ തേടിയെത്തി. ഈ ഗാനം മലയാള സിനിമ സംഗീത ലോകത്ത് ജയചന്ദ്രന് സ്വന്തമായി ഇരിപ്പിടം നൽകി. പിന്നീട്'അനുരാഗഗാനം പോലെ','കരിമുകിൽ കാട്ടിലെ', ഓലഞ്ഞാലിക്കുിരുവി', 'പൊടി മീശ മുളയ്ക്കണ കാലം','ശിശിരകാല മേഘമിഥുന','പൂവേ പൂവേ പാലപ്പൂവേ','പൊന്നുഷസ്സെന്നും', 'തേരിറങ്ങും മുകിലേ', 'സ്വയം വര ചന്ദ്രികേ','ആലിലത്താലിയുമായ്', 'നീയൊരു പുഴയായ്','ഇതളൂര്‍ന്നു വീണ','കണ്ണിൽ കാശിത്തുമ്പകൾ', 'പ്രേമിക്കുമ്പോൾ നീയും ഞാനും','രാസാത്തി ഉന്നെ കാണാതെ', എന്നിങ്ങനെ പ്രണയം തുളുമ്പുന്ന ഒരുപാട് ഗാനങ്ങള്‍ ആ ശബ്ദത്തില്‍ പിറന്നു.

മലയാളത്തിൽ മാത്രമല്ല തമിഴ്‌, കന്നഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി 16000ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പി എ ബക്കർ സംവിധാനം ചെയ്തനാരായണ ഗുരു എന്ന സിനിമയിൽ ജി.ദേവരാജൻ ഈണം പകർന്ന 'ശിവശങ്കര സർവ്വശരണ്യവിഭോ' എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ പി. ജയചന്ദ്രനെ തേടിയെത്തി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി.സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹരിഹരന്റെ നഖക്ഷതങ്ങൾ, ഓ.രാമദാസിന്റെ കൃഷ്ണപ്പരുന്ത് വി.കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകളിലും സംഗീത ആൽബങ്ങളിലും പി.ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്‌.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories