കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ തന്റെ അറസ്റ്റ് തടയണമെന്ന രാഹുല്‍ ഈശ്വറിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പൊലീസിന്റെ നിലപാട് തേടി.
കേസിൽ പൊലീസ് ഇതുവരെ എഫ്ഐആർ ഇട്ടിട്ടില്ല. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും അധിക്ഷേപിച്ചെന്നാണ് ഹണിയുടെ പരാതി.പൊലീസ് നിലപാട് തേടിയ ശേഷം അറസ്റ്റ് തടയാനുള്ള നടപടികളിലേക്ക് കടക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കേസ് 27ാം തീയതി വീണ്ടും പരിഗണിക്കും. കേസിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിലും വിശദമായ പ്രാഥമിക അന്വേഷണം നടത്തുകയാണ്.
ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രാഹുൽ ഈശ്വർ കോടതിയെ സമീപിച്ചത്. നടിയുടെ പരാതിയിൽ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയതും ഹൈക്കോടതിയെ സമീപിക്കാൻ രാഹുലിനെ പ്രേരിപ്പിച്ചു.
രാഹുൽ ഈശ്വർ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ഹണി റോസിന്റെ പരാതി. ചാനൽ ചർച്ചകളിലെ പരാമർശങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.