Share this Article
സെയ്ഫിനെ കുത്തിയ പ്രതിയുടെ ചിത്രം പുറത്തുവിട്ടു; തെരച്ചിലിനായി പത്തംഗ സംഘം; നടനെ മകൻ ആശുപത്രിയിലെത്തിച്ചത് ഓട്ടോയിൽ
വെബ് ടീം
posted on 16-01-2025
1 min read
saif ali khan

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ വീട്ടില്‍ കടന്നുകയറി താരത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. ഫയര്‍ എസ്‌കേപ്പ് ഗോവണിയിലെ സി.സിടിവിയില്‍ പതിഞ്ഞ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തെരച്ചിലിനായി പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നടന്റെ വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ മുറിയില്‍ കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം. സംഭവത്തില്‍ സെയ്ഫ് അലി ഖാന്റെ ജോലിക്കാരെ ചോദ്യം ചെയ്തുവരികയാണ്.

ഇന്ന്(വ്യാഴം) പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ സെയ്ഫ് അലി ഖാനെ മകൻ ഇബ്രാഹിം അലി ഖാന്‍ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലെന്ന് റിപ്പോര്‍ട്ട്. സെയ്ഫ് ആക്രമിക്കപ്പെട്ടതറിഞ്ഞ് വീട്ടിലെത്തിയതാണ് ഇബ്രാഹിം. സെയ്ഫിന് അപകടം പറ്റിയ സമയത്ത് വീട്ടിൽ ഡ്രൈവർമാരുണ്ടായിരുന്നില്ല.സെയ്ഫിന്റെ ബാന്ദ്രയിലെ വീട്ടില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമാണ് ലീലാവതി ആശുപത്രിയിലേക്ക്. സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ ഓട്ടോറിക്ഷയ്ക്ക് സമീപം നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ശസ്ത്രക്രിയ്ക്ക് ശേഷം ആശുപത്രിയിൽ തുടരുന്ന സെയ്ഫ് അലി ഖാനെ കാണാൻ ബോളിവുഡ് താരങ്ങളുമെത്തി.

രൺബീർ കപൂർ, ആലിയ ഭട്ട്, കരിഷ്മ കപൂർ തുടങ്ങിയവരും താരത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു. സെയ്ഫിന്റെ മകളായ സാറ അലി ഖാനും ആശുപത്രിയിലെത്തിയിട്ടുണ്ട്. 54 കാരനായ സെയ്ഫിന് ശരീരത്തിൽ ആറു പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. നട്ടെല്ലിനും കഴുത്തിനും കൈകളിലും താരത്തിന് മുറിവേറ്റിരുന്നു.

2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories