Share this Article
Union Budget
പരിചയമുള്ള നർത്തകിയുടെ വാട്സാപ്പ് ഹാക്ക് ചെയ്തു സന്ദേശം; പണമയച്ചു കൊടുത്തു; തട്ടിപ്പിനിരയായെന്ന് നടി അഞ്ജിത
വെബ് ടീം
posted on 20-01-2025
1 min read
anjitha

തിരുവനന്തപുരം: പരിചയമുള്ള പ്രശസ്ത നർത്തകിയുടെ വാട്സാപ്പ് ഹാക്ക് ചെയ്തു തനിക്ക് സന്ദേശം അയച്ച്  സൈബര്‍ തട്ടിപ്പിന് ഇരയാക്കിയെന്ന പരാതിയുമായി നടി അഞ്ജിത. പ്രശസ്ത നര്‍ത്തകിയായ രഞ്ജന ഗൗഹറിന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്താണ് അഞ്ജിതയെ  തട്ടിപ്പിന് ഇരയാക്കിയത്.

വളരെ നാളുകളായി അറിയുന്ന രഞ്ജനയുടെ വാട്‌സാപ്പ് ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പിലാണ് നടിക്ക് പണം നഷ്ടമായത്.

19-ാം തീയതി ഉച്ചയോടെയാണ് രഞ്ജനയുടെ വാട്‌സാപ്പില്‍നിന്ന് സന്ദേശം വരുന്നത്. ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, എന്റെ അക്കൗണ്ടിന് ചെറിയ പ്രശ്‌നമുണ്ട്, കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തന്ന് സഹായിക്കാമോ എന്നായിരുന്നു സന്ദേശം. ഇത് കണ്ടപാടെ ഞാന്‍ രഞ്ജനയെ വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ കോള്‍ എടുത്തില്ല. എത്രയും വലിയ ഒരാള്‍, എന്നോട് പണം കടം ചോദിക്കുന്നതിന്റെ വിഷമം കൊണ്ടായിരിക്കും ഫോണ്‍ എടുക്കാത്തതെന്ന് ഞാന്‍ കരുതി. രഞ്ജനയുടെ സ്വന്തം നമ്പറില്‍നിന്നായതുകൊണ്ട് സംശയം ഒന്നും തോന്നിയില്ല. അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചു കൊടുത്തു. അടുത്ത ദിവസം വൈകിട്ട് തിരികെ അയക്കാം എന്നായിരുന്നു പറഞ്ഞത്. ഇതിനൊപ്പംതന്നെ, എന്റെ ഫോണിലേക്ക് ഒ.ടി.പി. അയച്ച് വാട്‌സാപ്പ് ഹാക്ക് ചെയ്യാനും തട്ടിപ്പുകാര്‍ ശ്രമിച്ചിരുന്നു. പക്ഷേ, സമയോചിതമായ ഇടപെടല്‍ കാരണം വാട്‌സാപ്പ് ഹാക്ക് ആയില്ലെന്നും നടി പറയുന്നു.

രഞ്ജനയെ ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇത് പക്ഷെ രഞ്ജനയുടെ സ്വകാര്യ നമ്പറില്‍നിന്ന് പണം ചോദിച്ചതുകൊണ്ടാണ് സംശയം തോന്നാതിരുന്നത്. രഞ്ജന പിന്നീട് വിളിക്കുകയും തന്റെ വാട്ട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണം ചോദിച്ചാല്‍ കൊടുക്കരുതെന്നും പറഞ്ഞിരുന്നു. അപ്പോഴേക്കും തട്ടിപ്പുകാര്‍ക്ക് താന്‍ 10,000 രൂപ അയച്ചുനല്‍കിക്കഴിഞ്ഞിരുന്നെന്നും അഞ്ജിത പറഞ്ഞു. രഞ്ജനയുടെ നമ്പര്‍ ഇപ്പോഴും തട്ടിപ്പുകാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഞ്ജിത കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories