കൊച്ചി : കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്‍റെ മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പാൾ. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിൽ വച്ചാണ് സംഭവമുണ്ടായത്. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു. എന്നാൽ ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന് പ്രിൻസിപ്പാൾ നിലപാടെടുത്തു. മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പാളിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി.
പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിൻസിപ്പൽ പറയുന്നത്. എന്നാൽ പ്രിൻസിപ്പാളിന്‍റെ നടപടി വിഷമമുണ്ടാക്കിയെന്ന് ജാസി ഗിഫ്റ്റ് പ്രതികരിച്ചു. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുത്. പാട്ടുകാരനൊപ്പം കോറസ് പാടാൻ സാധാരണ ആളുകളെത്തും. എന്നാൽ ഇക്കാര്യമൊന്നും നോക്കാതെയാണ് പ്രിൻസിപ്പാൾ തന്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങിയത്. കാലാകാരനെന്ന നിലയിൽ ഇത് അപമാനിക്കലാണെന്നും ജാസി ഗിഫ്റ്റ് പ്രതികരിച്ചു.
പ്രിൻസിപ്പലിന്റെ നടപടിയെ എസ്എഫ്ഐ അപലപിച്ചു .