എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ പുതിയ ദൃശ്യ മികവോടെ നാളെ മുതൽ വീണ്ടും തിയറ്ററുകളിൽ എത്തും. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കും സിനിമയുടെ നിർമ്മാതാവ് കൂടിയായ പി വി ഗംഗാധരനും ഉള്ള ആദര സമർപ്പണം ആയി കൂടിയാണ് ചിത്രം പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ റീ റിലീസ് ചെയ്യുന്നത്.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഈ മമ്മൂട്ടി ചിത്രത്തിൻ്റെ റീ റിലീസിംഗ് പ്രചാരണത്തിന് തുടക്കം കുറിച്ചത് സൂപ്പർതാരങ്ങളായ മോഹൻലാലും സുരേഷ് ഗോപിയും ചേർന്നാണ്.'ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊൻകാരം കൊണ്ട് ചുരിക വളക്കാൻ കൊല്ലന് 16 പണം കൊടുത്തവൻ ചന്തു'കാലത്തെ അതിജയിച്ച സംഭാഷണങ്ങളും രംഗങ്ങളും അഭിനയ മുഹൂർത്തങ്ങളും നിറഞ്ഞ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ വീണ്ടും തീയറ്ററുകളിലേക്ക് എത്തുകയാണ്.
മലയാള സിനിമ നിർമ്മാണ രംഗത്ത് ശ്രദ്ധേയരായ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി.ഗംഗാധരൻ നിർമ്മിച്ച ഒരു വടക്കൻ വീരഗാഥ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിൽ ഒന്നാണ്. 1989 ൽ തീയറ്ററുകളിൽ എത്തിയ ചിത്രം പി.വി.ജിയുടെ മക്കളായ ഷെനുഗയും ഷെർഗയും ഷെഗ്നയും ചേർന്നുള്ള എസ് - ക്യൂബ് ഫിലിംസാണ് വീണ്ടും തീയറ്ററുകളിൽ എത്തിക്കുന്നത്.
4K ദൃശ്യമികവിലും ഡോൾബി അറ്റ്മോസ് ശബ്ദ ഭംഗിയിലും ആണ് ഒരു വടക്കൻ വീരഗാഥ 36 വർഷങ്ങൾക്കുശേഷം വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നത്. വലിയ ആവേശത്തോടെയാണ് സിനിമ പ്രേമികൾ തങ്ങളുടെ ഈ സംരംഭത്തോട് പ്രതികരിച്ചതെന്ന് എസ് - ക്യൂബ് ഫിലിംസ് സാരഥി ഷെർഗ സന്ദീപ് പറയുന്നു.
തൻ്റെ ബാല്യത്തിൽ തീയറ്ററിൽ പോയി കണ്ട അച്ഛൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ഒരു വടക്കൻ വീരഗാഥയെന്ന് എം.ടി മകൾ അശ്വതി ശ്രീകാന്തിന്റെ വാക്കുകൾ. തൻറെ മകനടക്കമുള്ള പുതുതലമുറയ്ക്ക് ആ സിനിമ തീയറ്ററിൽ കാണാൻ അവസരം ഒരുങ്ങുന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് അശ്വതി പ്രതികരിച്ചു. പി.വി.ജിക്കൊപ്പം ആൾക്കൂട്ടത്തിന് നടുവിലിരുന്ന് സിനിമ കണ്ട ഓർമ്മകളാണ് പി.വി.ഗംഗാധരൻ്റെ ഭാര്യ ഷെറിന് പങ്കുവെക്കാൻ ഉണ്ടായിരുന്നത്.
സുരേഷ് ഗോപി, ബാലൻ കെ നായർ, മാധവി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമയായിരുന്നു അത്. 300 ദിവസത്തിലേറെ തീയറ്ററിൽ വിപ്ലവം സൃഷ്ടിച്ച ആ സിനിമ വീണ്ടും വരികയാണ്. പുതിയ തലമുറയ്ക്കും വടക്കൻ പാട്ടിൻറെ ആവേശം പകരാൻ.