രജനീകാന്ത് സിനിമയ്ക്ക് കോഴിക്കോടും ലൊക്കേഷനാകും. രജനീകാന്തിന്റെ സൂപ്പർ മെഗാ ഹിറ്റ് വിജയമായ ചിത്രം ജയിലറിൻ്റെ രണ്ടാം ഭാഗമാണ് കോഴിക്കോട് ചിത്രീകരിക്കുക. സിനിമയുടെ അണിയറ പ്രവർത്തകരാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.
വിജയ ചിത്രങ്ങളിലൊന്നാണ് രജനീകാന്തിന്റെ ജയിലർ. മലയാളികളുടെ പ്രിയതാരങ്ങളായ മോഹൻലാലും വിനായകനും ജയിലറിൽ അഭിനയിച്ചിരുന്നു. സിനിമയുടെ വലിയ വിജയത്തിന് പിന്നാലെ അതിന് രണ്ടാം ഭാഗം വരുന്നു എന്ന കാര്യം കഴിഞ്ഞ ദിവസമായിരുന്നു അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നത്
. ജയിലർ രണ്ടിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന് കോഴിക്കോട് ചെറുവണ്ണൂരിലെ സുദർശൻ ബംഗ്ലാവ് ആയിരിക്കും. കോഴിക്കോട് ബീച്ചിലും സിനിമയുടെ ചിത്രീകരണം ഉണ്ടാകുമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞദിവസം സംവിധായകൻ നെൽസൺ ദിലീപ് കുമാറും മറ്റ് അണിയറ പ്രവർത്തകരും ഈ ലൊക്കേഷനുകൾ സന്ദർശിച്ചിരുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് പുതിയ സിനിമയും നിർമ്മിക്കുന്നത്. സിനിമയുടെ തിരക്കഥയും രജനീകാന്തിന്റെ കഥാപാത്രവും അനിരുദ്ധ സംഗീതവും എല്ലാം ഏറെ ജനപ്രിയമായിരുന്നു. ജയിലറിന് രണ്ടാം ഭാഗം വരുമ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്തിന് എന്നതുപോലെതന്നെ മലയാളിക്കും ഏറെ സന്തോഷിക്കാനുള്ള വക നൽകുന്നതാണ് അണിയറയിൽ നിന്നും വരുന്ന പുതിയ വിവരങ്ങൾ.