400 കോടി മുതൽ മുടക്കിയെടുത്ത രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചര്‍ റിലീസ് ചെയ്ത് അഞ്ച് ദിവസം മാത്രം കഴിയവേ അനധികൃതമായി ടി.വി ചാനലില്‍ പ്രദര്‍ശിപ്പിച്ചതായി ആരോപണം. ചിത്രത്തിന്റെ വ്യാജ പതിപ്പ് നേരത്തെ ഓണ്‍ലൈനിലും പ്രരിച്ചിരുന്നു. ഇതേ പതിപ്പ് തന്നെയാണ് ഒരു പ്രാദേശിക ചാനലിലും പ്രദര്‍ശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിര്‍മാതാവ് ശ്രീനിവാസ് കുമാര്‍ രംഗത്തെത്തി.
ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചര്‍ ജനുവരി 10നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. 400 കോടി ബജറ്റില്‍ എത്തിയ സിനിമയ്ക്ക് പ്രതീക്ഷിച്ച പോലുള്ള സാമ്പത്തിക വിജയം നേടാന്‍ സാധിച്ചിരുന്നില്ല.
ഒരു സിനിമ ആയിരക്കണക്കിന് പേരുടെ സ്വപ്‌നമാണെന്നും മൂന്ന് നാല് വര്‍ഷത്തെ അധ്വാനമാണെന്നും ശ്രീനിവാസ കുമാര്‍ എക്‌സില്‍ കുറിച്ചു. അതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ ഇടപെട്ട് കൃത്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം എ.പി ലോക്കല്‍ ടി.വി എന്ന ചാനലില്‍ പ്രദര്‍ശിപ്പിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. നിര്‍മാതാവ് ശ്രീനിവാസ കുമാറും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.
കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് 'ഗെയിം ചേഞ്ചര്‍' ഒരുക്കിയത്.
വാർത്താചിത്രം പോസ്റ്റ് ചെയ്ത അക്കൗണ്ട് ഇവിടെ ക്ലിക്ക് ചെയ്തു കാണാം