ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ട് കൊല്‍ക്കത്തയിറങ്ങുമ്പോള്‍ ജയം തുടരുകയാവും ഹൈദരാബാദിന്റെ ലക്ഷ്യം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം നിര്‍ണായകമാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറി കരുത്തില്‍ ഹൈദരാബാദ് 23 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദ് നിരയില്‍ ഹാരി ബ്രൂക്ക് ഉള്‍പ്പെടെയുള്ള ബാറ്റര്‍മാര്‍ ഫോമിലേക്കുയരേണ്ടതുണ്ട്. അതേസമയം പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കൊല്‍ക്കത്തന്‍ ബാറ്റര്‍മാര്‍ക്കും സാധിക്കുന്നില്ല. സീസണില്‍ മികച്ച ഫോമിലുള്ള വരുണ്‍ ചക്രവര്‍ത്തി ടീമിന്റെ കരുത്താണ്. എന്നാല്‍ സുനില്‍ നരെയ്‌നുള്‍പ്പെടെ ഫോം കണ്ടെത്താനാവാത്തത് പ്രതിസന്ധിയാണ്. വൈകിട്ട് 7.30ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.